ചട്ടലംഘനവും അവകാശലംഘനവും നടത്തിയ മന്ത്രി മാപ്പു പറയുന്നത് വരെ സഭാ നടപടികള്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്

ദില്ലി: ചോദ്യോത്തരവേളയില്‍ രാഹുല്‍ഗാന്ധിക്ക് മറുപടി നല്കുന്നതിന് പകരം കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ രാഷ്ട്രീയ പ്രസ്താവന നടത്തിയതില്‍ വിവാദം. ചട്ടലംഘനവും അവകാശലംഘനവും നടത്തിയ മന്ത്രി മാപ്പു പറയുന്നത് വരെ സഭാ നടപടികള്‍ അനുവദിക്കില്ല എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. വയനാട് മെഡിക്കല്‍ കോളേജിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മറുപടി നല്‍കവെ പ്രധാനമന്ത്രിക്കെതിരായ രാഹുലിന്റെ പരാമര്‍ശങ്ങളെക്കുറിച്ച് ചിലത് പറയാനുണ്ടെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

തുടര്‍ന്ന് എഴുതി തയ്യാറാക്കിയ പ്രസ്താവന അദ്ദേഹം വായിച്ചുതുടങ്ങി. തൊഴില്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്ത പ്രധാനമന്ത്രിയെ രാജ്യത്തെ യുവാക്കള്‍ അടിച്ചോടിക്കുമെന്ന രാഹുലിന്റെ പരാമര്‍ശത്തെ അപലപിക്കുന്നതായി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. എന്നാല്‍ ചോദ്യോത്തരവേളയിലല്ല രാഷ്ട്രീയ കാര്യങ്ങള്‍ പറയേണ്ടതെന്നായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ വിശദീകരണം അനുവദിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. കൊറോണ ഭീതി നേരിടുന്നതിന് എടുത്ത നടപടികളില്‍ ഹര്‍ഷവര്‍ദ്ധന്റെ പ്രസ്താവന അജണ്ടയില്‍ ഉള്‍പ്പെടുത്തി പ്രതിപക്ഷ നീക്കം നേരിടാനാണ് ബിജെപി ശ്രമിക്കുന്നത്.

Comments are closed.