ശബരിമല യുവതി പ്രവേശനം ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചത് ശരിവച്ച് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ
ന്യുഡല്‍ഹി: ശബരിമല യുവതി പ്രവേശന പുനഃപരിശോധന ഹര്‍ജികളില്‍ തീര്‍പ്പുണ്ടാക്കാതെ വിശാല ബെഞ്ച് രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകന് ഫാലി എസ്. നരിമാന് ഉന്നയിച്ച വാദം തള്ളിക്കൊണ്ട് മതപരമായ കേസുകളിലെല്ലാം വാദം കേള്‍ക്കാന്‍ ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചത് ശരിവച്ചിരിക്കുകയാണ് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ.
ശബരിമല വിഷയത്തിനു പുറമേ, മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, പാഴ്സി സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം അടക്കമുള്ള വിഷയങ്ങളും വിശാല ബെഞ്ച് പരിഗണിക്കും. ഏഴ് പരിഗണനാ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാണ് വാദം നടക്കുന്നത്. ഫെബ്രുവരി 17ന് തുടങ്ങി തുടര്‍ച്ചയായി പത്ത് ദിവസം വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ഓരോ വിഭാഗത്തിലും ആരൊക്കെ വാദിക്കുമെന്ന് അഭിഭാഷകര്‍ കൂടിയാലോചിച്ച് നിശ്ചയിക്കണം.
ഓരോ വിഭാഗത്തിലെ പ്രധാന അഭിഭാഷകന് ഒരു ദിവസവും അനുബന്ധമായി വാദിക്കുന്നവര്‍ക്ക് രണ്ട് മണിക്കൂര്‍ വീതവും നല്‍കും. ഒമ്പത് ജഡ്ജിമാര്‍ ഒരുമിച്ച് ഇരുന്നാണ് വാദം കേള്‍ക്കുക. 10 ദിവസത്തിനകം പൂര്‍ത്തിയാക്കണം. ഓരോ വിഭാഗത്തിനും അഞ്ചു ദിവസം വീതം നല്‍കും. റിവ്യൂ പരിഗണിക്കുമ്പോള്‍ അതില്‍ ചോദ്യങ്ങള്‍ വരികയാണെങ്കില്‍ അത് വിശാല ബെഞ്ചിന് വിടാനുള്ള അധികാരം ഭരണഘടനാ ബെഞ്ചിനുണ്ടെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.
അനുഛേദം 25 പ്രകാരമുള്ള മത സ്വാതന്ത്ര്യത്തിന്റെ പരിധിയുണ്ടോ? അങ്ങനെയെങ്കില്‍ ഏതറ്റം വരെ പോകാം? അനുഛേദം 26 പ്രകാരമുള്ള ഭരണഘടനാപരമായ ധാര്‍മ്മികത സംബന്ധിച്ച ആധികാരിക എന്നിവയും പരിഗണിക്കും. ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് തള്ളുന്നതാണ് വിശാല ബെഞ്ചിന്റേതെങ്കില് പുനഃപരിശോധന ഹര്‍ജികളുടെ നിലനില്‍പ്പും പരിശോധിക്കേണ്ടിവരുന്നതാണ്. ഇതോടെ കേരളത്തിലെ നിലപാടും കോടതി തള്ളുകയാണ്.
ഭരണഘടനയുടെ അനുഛേദം 25 പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയെന്ത്?
അനുഛേദം 26ല്‍ പറയുന്ന ധാര്‍മ്മികതയുടെ അര്‍ത്ഥം എന്താണ്?
അനുഛേദം 25, 26 എന്നിവ മൗലികാവകാശങ്ങളുമായി ബന്ധപ്പെടുന്നത് എങ്ങനെ?
മതസ്വാതന്ത്ര്യവും മതവിഭാഗങ്ങളുടെ സ്വാതന്ത്ര്യവും തമ്മിലുള്ള വ്യത്യാസമെന്ത്?
പ്രത്യേക മതവിഭാഗങ്ങള്‍ക്ക് മൗലികാവകാശങ്ങള്‍ ഉന്നയിക്കാമോ?
മതവിശ്വാസവുമായി ബന്ധപ്പെട്ട് വിശ്വാസിയല്ലാത്ത ഒരാള്‍ക്ക് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിക്കാമോ?
മതാചാരങ്ങളില്‍ കോടതിക്ക് ഏതു പരിധിവരെ ഇടപെടാം?
എന്നിങ്ങനെയാണ് ഏഴ് പരിഗണനാ വിഷയങ്ങള്‍.
Comments are closed.