സിഎഎയുടെ മറവില്‍ ചിലര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി

ഹൈദരാബാദ്: ഹൈദരാബാദില്‍ സാന്റ് രവിദാസ് ജയന്തി ആഘോഷങ്ങള്‍ക്കിടെ ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്താല്‍ ബംഗ്ലാദേശിന്റെ പകുതിയോളം ജനം രാജ്യം വിടുമെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി രംഗത്തെത്തി. ഇന്ത്യയില്‍ ജീവിക്കുന്ന 130 കോടി ജനങ്ങള്‍ക്ക് പൗരത്വ നിയമ ഭേദഗതി എങ്ങനെ എതിരാകുമെന്ന് തെളിയിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.

ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്താല്‍ ബംഗ്ലാദേശിന്റെ പകുതി ശൂന്യമാകും.. ബംഗ്ലാദേശികള്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്താല്‍ അവര്‍ പകുതിയും ഇന്ത്യയിലേയ്ക്ക് എത്തും. അവരുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? കെസിആര്‍? അതോ രാഹുല്‍ ഗാന്ധിയോ? കേന്ദ്രമന്ത്രി ചോദ്യമുയര്‍ത്തി. അവര്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കാണ് പൗരത്വം തേടുന്നത്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ സിഎഎ പുന:പരിശോധിക്കാന്‍ തയാറാണെന്നും റെഡ്ഡി പറഞ്ഞു.

മാനുഷിക പരിഗണന മുന്‍ നിര്‍ത്തിയാണ് പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ചില സമുദായങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിന് സിഎഎ കൊണ്ടുവന്നത്. എന്നാല്‍ ചിലര്‍ ആ രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുകയാണ്. സിഎഎയുടെ മറവില്‍ ചിലര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദേഹം വ്യക്തമാക്കി.

Comments are closed.