കടവൂര്‍ ജയന്‍ വധക്കേസ് പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കീഴടങ്ങി

കൊല്ലം: കടവൂര്‍ ജയന്‍ വധക്കേസില്‍ ഒളിവിലായിരുന്ന ഒന്‍പത് പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പ്രതികളായ 9 ആര്‍എസ് എസ് പ്രവര്‍ത്തകരും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് ശിക്ഷ പറയാന്‍ തിയതി തീരുമാനിച്ചെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികള്‍ എത്താത്തതിനാല്‍ അത് മാറ്റി വച്ചു. രണ്ടാം തവണ പരിഗണിച്ചപ്പോഴും പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല.

തുടര്‍ന്ന് പ്രതികളുടെ അസാന്നിധ്യത്തില്‍ വിധി പ്രസ്താവം മാറ്റിവച്ച കോടതി പ്രതികളെ ഹാജരാക്കാന്‍ ജാമ്യക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയും ഇവരെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ നോട്ടീസ് ഇറക്കി അന്വേഷണവും ഊര്‍ജിതമാക്കിയതോടെയാണ് പ്രതികള്‍ സ്റ്റേഷനില്‍ കീഴടങ്ങിയത്. 2012 ഫെബ്രുവരി ഏഴിനാണ് ജയന്‍ കൊല്ലപ്പെട്ടത്. ബിജെപി പ്രവര്‍ത്തകനായിരുന്ന ജയന്‍ പാര്‍ട്ടി വിട്ടതിലുളള വൈരാഗ്യത്തെത്തുടര്‍ന്ന് പ്രതികള്‍ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

Comments are closed.