AE-47 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക്ക് ബൈക്കിനെ എക്സ്പോയില്‍ അവതരിപ്പിച്ച് ഹീറോ
കാര്‍ നിര്‍മ്മാതാക്കളും ഇലക്ട്രിക്ക് മോഡലുകള്‍ പുറത്തിറക്കിയപ്പോള്‍ ഇരുചക്ര വാഹനനിര്‍മ്മാതാക്കളും അവരുടെ മോഡലുകളെ പരിചയപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോയും തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് ബൈക്കിനെ എക്സ്പോയില്‍ അവതരിപ്പിച്ചു.
AE-47 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക്ക് ബൈക്കിനെയാണ് കമ്പനി എക്സ്പോയില്‍ അവതരിപ്പിച്ചരിക്കുന്നത്. ആദ്യകാഴ്ചയില്‍ റിവോള്‍ട്ട് ഇലക്ട്രിക്ക് ബൈക്കുകളുമായി ഡിസൈനില്‍ ചെറിയ സമാനതകള്‍ കാണാന്‍ സാധിക്കും. 4 kW ലിഥിയം അയണ്‍ ബാറ്ററിയാണ് ബൈക്കിന്റെ കരുത്ത്.
85 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗം. ഏകദേശം 9 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. പവര്‍, ഇക്കോ എന്നിങ്ങനെ രണ്ട് മോഡുകളും ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പവര്‍ മോഡില്‍ 85 കിലോമീറ്ററും ഇക്കോ മോഡില്‍ 160 കിലോമീറ്ററും സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം നാലു മണിക്കൂറുകള്‍ മാത്രം മതി. മുന്നില്‍ ടെലിസ്കോപിക്ക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്ഷന്. ക്രൂയിസ് കണ്ട്രോള് സിസ്റ്റവും റിവേഴ്സ് ഗിയറും പുതിയ ബൈക്കിലുണ്ട്.
സുരക്ഷക്കായി മുന്നിലും പിന്നിലും ഡിസ്ക്ക് ബ്രേക്ക് സംവിധാനമാണുള്ളത്. ആപ്പ് വഴിയുള്ള സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റിയും പുതിയ ബൈക്കിന്റെ സവിശേഷതയാണ്. കീലെസ് ആക്സസ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, കോമ്പി ബ്രേക്കിങ് സിസ്റ്റം, മെബൈല്‍ ചാര്‍ജര്‍ എന്നിവയും പുതിയ ഇലക്ട്രിക്ക് ബൈക്കിന്റെ സവിശേഷതകളാണ്.
വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 1.3 ലക്ഷം മുതല്‍ 1.5 ലക്ഷം വരെ ബൈക്കിന് വില പ്രതീക്ഷാം. റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്ക്, വരാനിരിക്കുന്ന ടോര്‍ഖ് ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിള്‍ എന്നിവരാകും ഹീറോ AE-47 ഇലക്ട്രിക്ക് ബൈക്കിന്റെ വിപണിയിലെ എതിരാളികള്‍.
ഹീറോ ഇലക്ട്രിക്ക് എന്ന ബ്രാന്‍ഡ് നാമത്തിലാണ് ഇലക്ട്രിക്ക് ബൈക്കുകള്‍ കമ്പനി നിരത്തുകളില്‍ എത്തിക്കുന്നത്. സ്കൂട്ടര്‍ നിരയിലേക്ക് ഇതിനോടകം തന്നെ കമ്പനി മോഡലുകളെ നിരത്തിലെത്തിച്ചിട്ടുണ്ട്. പഞ്ചാബിലെ ലുധിയാനയിലായിരിക്കും ബൈക്കിന്റെ ഉത്പാദനം. പ്രതിവര്‍ഷം 1,00,000 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ ഈ പ്ലാന്റില്‍ സൗകര്യമുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഒപ്റ്റിമ ER, നൈക്സ് ER, ഡാഷ് എന്നിങ്ങനെ മൂന്ന് മോഡലുകളെയാണ് അവസാനം ഇലക്ട്രിക്ക് നിരയിലേക്ക് ഹീറോ അവതരിപ്പിച്ചത്. കമ്പനിയുടെ ഹൈ-സ്പീഡ് സീരീസ് ശ്രേണിയില്‍ ലഭ്യമായ ഒപ്റ്റിമ E5, നൈക്സ് E5 എന്നിവയുടെ വിപുലീകൃത പതിപ്പുകളാണ് ഒപ്റ്റിമ ER, നൈക്സ് ER.
ഒപ്റ്റിമ ER മോഡലിന് 68,721 രൂപയും നൈക്സ് ER മോഡലിന് 69,754 രൂപയും ഡാഷിന് 62,000 രൂപയാണ് എക്സ്ഷോറൂം വില. അവാന് ട്രെന്‍ഡ് ഇ, ഓകിനാവ പ്രൈസ്, ഏഥര്‍ 450 എന്നിവരാണ് പുതിയ ഹീറോ ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ വിപണിയിലെ എതിരാളികള്‍.
Comments are closed.