വായ്പ എടുത്ത് മുങ്ങിയ ഇന്ത്യക്കാരെ പിടിക്കൂടാന്‍ നിയമോപദേശം തേടി ബാങ്കുകള്‍

അബുദാബി: വായ്പയെടുത്ത് ഇന്ത്യയിലേക്കു മുങ്ങുന്ന കേസുകള്‍ വര്‍ധിക്കുകയും കിട്ടാക്കടം വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ചെറിയ തുകയ്ക്കുള്ള വായ്പകളിലും തിരിച്ചടവ് മുടങ്ങിയാല്‍ നിയമനടപടി സ്വീകരിക്കുന്നതിനായി യുഎഇയിലെ ഒന്‍പത് ബാങ്കുകള്‍ നിയമോപദേശം തേടി. മുന്‍പ് ചെറിയ തുക വായ്പയെടുത്തവര്‍ക്കെതിരെ കേസുകള്‍ നല്‍കാറില്ലായിരുന്നെങ്കിലും ഇനി ഇത്തരക്കാര്‍ക്കെതിരെയും സിവില്‍ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

യുഎഇയിലെ സിവില്‍ കോടതി വിധികള്‍ ഇന്ത്യയില്‍ ജില്ലാ കോടതികള്‍ വഴി നടപ്പാക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ കഴിഞ്ഞ മാസത്തെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ നടപടി ആരംഭിച്ചത്. എന്നാല്‍ ഇരുകൂട്ടരുടെയും വാദം കേട്ട ശേഷം പ്രഖ്യാപിച്ച വിധികള്‍ മാത്രമേ ഇന്ത്യയില്‍ നടപ്പാക്കാവൂ എന്നാണു വ്യവസ്ഥ. വിധി സമ്പാദിച്ചിട്ടുള്ള കേസുകള്‍ കുറവാണെന്നതാണു ബാങ്കുകള്‍ക്ക് മുന്നിലുള്ള പ്രധാന പ്രശ്‌നം. കേസ് വാദം കേട്ടു തുടങ്ങുന്നതിനു മുമ്പ് രാജ്യം വിട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് നിയമ വിദഗ്ധര്‍ വ്യക്തമാക്കി.

Comments are closed.