ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 57 സീറ്റുകളിലും ആംആദ്മി പാര്‍ട്ടി മുന്നേറുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 57 സീറ്റുകളിലും ആംആദ്മി പാര്‍ട്ടി മുന്നേറുന്നു. എന്നാല്‍ ബിജെപി ലീഡ് ചെയ്യുന്നത് 13 സീറ്റുകളിലുമാണ്. ഒരിടത്ത് പോലും കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടായില്ല. തുടര്‍ന്ന് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ഉറപ്പായതോടെ ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം തുടങ്ങി. ഡല്‍ഹി മുഖ്യമന്ത്രിയായി ഹാട്രിക് വിജയമാണ് അരവിന്ദ് കെജ്രിവാള്‍ ലക്ഷ്യമിടുന്നത്.

പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടാന്‍ അദ്ദേഹത്തിനായി. എന്നാല്‍ ഉപമുഖ്യമന്ത്രി മനീഷ്സിസോദിയ ഇഞ്ചോടിഞ്ച് പോരാടുകയാണ്. പട്പട്ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി രവീന്ദര്‍ നെഗിയോട് നേരിയ വോട്ടുകള്‍ക്ക് പിന്നിലാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത്ഷായും നേരിട്ട് പ്രചരണം നടത്തിയിട്ടും ബിജെപിയ്ക്ക് വിജയം നേടാനായില്ല.

എന്നാല്‍ വോട്ടുഷെയറില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ ബിജെപിയ്ക്ക് ആയി. ഒന്നാമതുള്ള ആംആദ്മിയുമായി 14 ശതമാനം വോട്ടിന്റെ വ്യത്യാസമാണുള്ളത്. ആംആദ്മി പാര്‍ട്ടി 53 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി 39 ശതമാനത്തോളം വോട്ടുകള്‍ പിടിച്ചു. ആംആദ്മി പാര്‍ട്ടി വിട്ട് മറ്റ് പാര്‍ട്ടിയ്ക്കൊപ്പം മത്സരിച്ചവര്‍ എല്ലാവരും പിന്നിലാണ്. മറ്റ് പാര്‍ട്ടി വിട്ട് ആംആദ്മി പാര്‍ട്ടിയിലേക്ക് വന്നവര്‍ മുന്നേറുകയുമാണ്.

അതേസമയം കോണ്‍ഗ്രസിനായിരുന്നു വലിയ തിരിച്ചടി നേരിട്ടത്. ഇത്തവണയും അവരുടെ ഒരു സ്ഥാനാര്‍ത്ഥികളെയും ഡല്‍ഹി ജനത സ്വീകരിച്ചില്ല. വോട്ടു ഷെയര്‍ പോലും അഞ്ചു ശതമാനത്തില്‍ താഴെയായി. പ്രമുഖര്‍ പോലും പരാജയവുമറിഞ്ഞു. 1,99,521 പുരുഷന്മാരും 1,35,525 സ്ത്രീകളും 31 ഭിന്നലിംഗക്കാരുമായി 3,35,077 പേരാണ് ഫെബ്രുവരി 8 ന് നടന്ന വോട്ടെടുപ്പില്‍ സമ്മതിദാനം വിനിയോഗിച്ചത്.

Comments are closed.