4ജി ലഭ്യമായിട്ടുള്ള സര്‍ക്കിളുകളിലേക്ക് പുതിയ 4ജി പ്ലാന്‍ പുറത്തിറക്കി ബിഎസ്എന്‍എല്‍

ടെലിക്കോം വിപണിയിൽ നടക്കുന്ന ശക്തമായ മത്സരത്തിൽ 4ജി നെറ്റ്വർക്കില്ലാതെ തന്നെ സജീവമായുള്ള ഓപ്പറേറ്ററാണ് ബിഎസ്എൻഎൽ. പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഇപ്പോൾ രാജ്യത്തുടനീളം 4ജി നെറ്റ്വർക്കുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. കേരളം ഉൾപ്പെടെ കുറച്ച് സർക്കിളുകളിൽ മാത്രമാണ് നിലവിൽ ബിഎസ്എൻഎൽ 4G ലഭ്യമായിട്ടുള്ളത്.

ഇപ്പോൾ 4ജി ലഭ്യമായിട്ടുള്ള സർക്കിളുകളിലേക്ക് മാത്രമായി ബിഎസ്എൻഎൽ പുതിയ 4ജി പ്ലാൻ പുറത്തിറക്കി. 96 രൂപ, 236 രൂപ പ്ലാനുകളാണ് കമ്പനി പുറത്തിറക്കിയത്. 84 ദിവസത്തെ വാലിഡിറ്റിയും ദിവസേന 10 ജിബി ഡാറ്റയും നൽകുന്ന പ്ലാനാണ് ഇത്. മറ്റ് ടെലിക്കോം കമ്പനികളൊന്നും നൽകുന്ന പ്ലാനിലൊന്നും ദിവസേന 10 ജിബി ഡാറ്റ ലഭ്യമല്ല. ടെലിക്കോം ഓപ്പറേറ്റർമാരിൽ ഓഫർ നൽകുന്നതിൽ മുൻപന്തിയിലുള്ള ജിയോയെ പോലും കവച്ച് വയ്ക്കുന്നതാണ് ഈ പ്ലാൻ.

ഈ വർഷാവസാനത്തോടെ രാജ്യത്തുടനീളം 4 ജി സേവനം വാണിജ്യപരമായി ആരംഭിച്ച് കഴിഞ്ഞാൽ ബി‌എസ്‌എൻ‌എൽ ഇപ്പോൾ നൽകുന്ന 10ജിബി പ്രതിദിന ഡാറ്റ പ്ലാൻ നൽകുകയില്ല. ബിഎസ്എൻഎൽ 4 ജി നെറ്റ്‌വർക്ക് ലഭ്യമാക്കിയ എല്ലാ സർക്കിളുകളിൽ റീചാർജ് ചെയ്യുന്നതിന് ഈ രണ്ട് പ്ലാനുകളും ഇപ്പോൾ ലഭ്യമാണ്.

നിലവിൽ ബി‌എസ്‌എൻ‌എൽ 4 ജി ലഭ്യമായ സർക്കിളുകളിൽ കേരളത്തിനൊപ്പം ആന്ധ്ര, തെലങ്കാന, കൊൽക്കത്ത, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, ചെന്നൈ, തമിഴ്‌നാട് എന്നിവയാണ് ഉള്ളത്. നിലവിലുള്ള 3 ജി സ്പെക്ട്രം ഉപയോഗിച്ച് ബി‌എസ്‌എൻ‌എൽ 4 ജി സമാരംഭിക്കുന്നതിന് കമ്പനി സജീവമായി പ്രവർത്തിക്കുന്നുണ്ട്.

കൊൽക്കത്തയിൽ ബി‌എസ്‌എൻ‌എൽ 4 ജി ആരംഭിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഘട്ടം ഘട്ടമായാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇപ്പോൾ മൗലാലി സിറ്റിയുടെ മറ്റൊരു ഭാഗത്തേക്കും രാജബസാറിലേക്കും സേവനം വിപുലീകരിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഈ പ്രദേശത്ത് മികച്ച വേഗതയും ലഭ്യമാകുണ്ട്.

നിലവിൽ ബി‌എസ്‌എൻ‌എൽ പുറത്തിറക്കിയ രണ്ട് 4G ഡാറ്റ പ്ലാനുകളാണ് ഉള്ളത്. അവയുടെ വില യഥാക്രമം 96, 236 രൂപയാണ്. ഈ പ്ലാനിലൂടെ ഡാറ്റ മാത്രമാണ് ലഭിക്കുക. കോളിങ് ആനുകൂല്യങ്ങളോ എസ്എംഎസ് ആനുകൂല്യങ്ങളോ ലഭിക്കില്ല. ഈ 4G പ്ലാനുകളുടെ വാലിഡിറ്റി യഥാക്രമം 28 ദിവസവും 84 ദിവസവുമാണ് 10 ജിബി പ്രതിദിന ഡാറ്റയാണ് ഇരു പ്ലാനുകളും നൽകുന്നത്.

ബിഎസ്എൻഎല്ലിന്റെ 96 രൂപ പ്ലാൻ 28 ദിവസത്തേക്കായി 280 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. 236 രൂപയുടെ പ്ലാൻ 96 ദിവസത്തേക്കായി മൊത്തത്തിൽ 2,360 ജിബി 4 ജി ഡാറ്റ നൽകുന്നു. എയർടെല്ലിനെയും റിലയൻസ് ജിയോയെയും പോലെയുള്ള ഇന്റർനെറ്റ് വേഗത ബി‌എസ്‌എൻ‌എല്ലിന്റെ 4 ജിക്ക് ഇല്ലെങ്കിലും ശരാശരി 10 എം‌ബി‌പി‌എസിൽ കൂടുതൽ വേഗത ലഭിക്കുന്നുണ്ട്.

രാജ്യത്തെ എൽ‌ടി‌ഇ സേവനം മാത്രമുള്ള ഓപ്പറേറ്ററായ റിലയൻസ് ജിയോയ്ക്ക് ബി‌എസ്‌എൻ‌എൽ പുറത്തിറക്കിയത് പോലുള്ള 4 ജി പ്ലാനുകളൊന്നുമില്ല. 51 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയുമായി വരുന്ന 251 രൂപ വിലയുള്ള 4 ജി ഡാറ്റ വൗച്ചർ ജിയോ നൽകുന്നുണ്ട്. മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളുടെയും അവസ്ഥ ഇത് തന്നെയാണ്. ദിവസേന 10ജിബി ഡാറ്റ എന്ന ഭീമൻ ഡാറ്റ പ്ലാൻ ആരും നൽകുന്നില്ല.

വാണിജ്യാടിസ്ഥാനത്തിൽ 4 ജി സേവനം പുറത്തിറക്കിയാൽ ബി‌എസ്‌എൻ‌എൽ ഈ പ്ലാനുകൾ ഒഴിവാക്കാനാണ് സാധ്യത. ഈ രണ്ട് ബി‌എസ്‌എൻ‌എൽ 4 ജി പ്ലാനുകളും ലഭിക്കുന്നതിനായി സബ്‌സ്‌ക്രൈബർമാർക്ക് അടുത്തുള്ള കസ്റ്റമർ കെയർ സെന്ററിൽ നിന്ന് ബി‌എസ്‌എൻ‌എൽ 4 ജി സിം കാർഡ് സ്വന്തമാക്കേണ്ടതുണ്ട്.

Comments are closed.