ടാറ്റയുടെ മിനി എസ്യുവി HBX ഉടന്‍ വിപണിയില്‍ അവതരിപ്പിക്കും

2020 ഓട്ടോ എക്‌സ്‌പോയില്‍ നിരവധി മോഡലുകളെയാണ് ടാറ്റ മോട്ടോര്‍സ് അവതരിപ്പിച്ചത്. അതില്‍ ഏവരുടെ ശ്രദ്ധ പിടിച്ചുപറ്റിയ രണ്ട് മോഡലുകളാണ് സിയെറയും HBX എന്ന മിനി എസ്‌യുവിയും.

സിയെറ ഉടന്‍ തന്നെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം വാഹനത്തിന്റെ വീഡിയോയും കമ്പനി പങ്കുവെച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ HBX മോഡലിനെയും വിപണിയില്‍ എത്തിക്കുന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ വര്‍ഷം തന്നെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നെക്‌സോണിനും താഴെയാകും വാഹനം സ്ഥാനം പിടിക്കുക. പോയ വര്‍ഷം ജനീവ മോട്ടോര്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ച H2X കണ്‍സെപ്റ്റിന്റെ മറ്റൊരു പരിണാമമാണ് HBX മിനി എസ്‌യുവി.

ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ തന്നെയാകും വാഹനം വിപണിയില്‍ എത്തുക. ഇംപാക്ട് 2.0 ഡിസൈന്‍ ശൈലി തന്നെയാണ് പുതിയ വാഹനത്തിനും കമ്പനി നല്‍കിയിരിക്കുന്നത്. കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് ഡിസൈനില്‍ മാറ്റം വരുത്താതെ ചില പ്രായോഗിക മാറ്റങ്ങള്‍ മാത്രം വരുത്തിയായിരിക്കും HBX പ്രൊഡക്ഷന്‍ പതിപ്പ് നിരത്തിലെത്തിക്കുക.

മുന്നില്‍ നിന്നുള്ള കാഴ്ചയില്‍ ഒരു വലിയ വാഹനത്തിന്റെ തലയെടുപ്പാണ് HBX -നുള്ളത്. നെക്‌സോണിലും ഹാരിയറിലും കണ്ടിരിക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, നേര്‍ത്ത എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ സവിശേഷതകള്‍.

ബ്ലാക്ക് ഫിനീഷ് ക്ലാഡിങ്ങ്, അലോയി വീല്‍, ബ്ലാക്ക് B-പില്ലര്‍, എന്നിവയാണ് വശങ്ങളെ മനോഹരമാക്കുന്നത്. വശങ്ങളിലേക്ക് വലിച്ചു നീട്ടിയിരിക്കുന്ന ടെയില്‍ ലാമ്പുകള്‍, ഡ്യുല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, റൂഫ് റെയില്‍ എന്നിവ പിന്‍വശത്തെ അഴകിനും മാറ്റുകൂട്ടുന്നു.

ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റ് ഡ്രൈവിങ്ങ് സീറ്റ്, ഇലക്ട്രിക്ക് പവര്‍ സ്റ്റിയറിങ്ങ് എന്നിവ അകത്തളത്തെ മനോഹരമാക്കും.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും വാഹനം വിപണിയില്‍ എത്തുക. ഈ എഞ്ചിന്‍ 85 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ എഎംടി ആയിരിക്കും ഗിയര്‍ബോക്‌സ്.

വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ലെങ്കിലും അഞ്ച് ലക്ഷം രൂപ മുതല്‍ വാഹനത്തിന് വിപണിയില്‍ വില പ്രതീക്ഷിക്കാം. മാരുതി ഇഗ്നിസ്, മഹീന്ദ്ര KUV100 മോഡലുകളായിരിക്കും വിപണിയില്‍ ടാറ്റയുടെ ഈ പുതിയ വാഹനത്തിന്റെ എതിരാളികള്‍.

Comments are closed.