Ultimate magazine theme for WordPress.

അസം ദേശീയ പൗരത്വ പട്ടികയില്‍നിന്നും വിവരങ്ങള്‍ കാണാതായി ; എന്‍.ആര്‍.സി അതോറിറ്റിയുടെ ഉദാസീനമായ മനോഭാവമാണ് കാരണം

ഗുവാഹത്തി: അസം ദേശീയ പൗരത്വ പട്ടികയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട്, പുറത്തായത് ആരെല്ലാം എന്ന് വ്യക്തമാക്കുന്ന എന്‍.ആര്‍.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് വിവരങ്ങള്‍ കാണാതായി. സുപ്രീംകോടതി വിധിയെത്തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ അന്തിമ പട്ടിക തയ്യാറാക്കിയിരുന്നത്. ഓണ്‍ലൈന്‍ വിവരങ്ങള്‍ അപ്രത്യക്ഷമായത് വ്യക്തമാക്കി അസം പ്രതിപക്ഷനേതാവ് ദേബബ്രത സൈകിയ സെന്‍സസ് കമ്മീണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

എന്‍.ആര്‍.സി അതോറിറ്റിയുടെ ഉദാസീനമായ മനോഭാവം കാരണമാണ് വിവരങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നതെന്നും ഇതുവരെ ലിസ്റ്റ് പ്രകാരമുള്ള പ്രക്രിയകള്‍ ആരംഭിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ വിവരങ്ങള്‍ അപ്രത്യക്ഷമായത് വഞ്ചനാപരമായ കുറ്റവും പ്രഥമദൃഷ്ട്യാ സുപ്രീം കോടതി ഉത്തരവിന്റെ ലംഘനവുമാണെന്നും സൈകിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഓണ്‍ലൈന്‍ സംവിധാനമായ ക്ലൗഡ് സ്റ്റോറേജിലായിരുന്നു പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നതെന്നും വിപ്രോ സബ്‌സ്‌ക്രിപ്ഷന്‍ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് ഇത്തരം സംഭവമുണ്ടായതിന് പിന്നിലെന്നുമാണ് എന്‍.ആര്‍.സി പ്രതികരിക്കുന്നത്. കൂടാതെ അസം എന്‍.ആര്‍.സി കോഡിനേറ്റര്‍ പ്രതീക് ഹജേല സ്ഥലം മാറിപ്പോയതിന് ശേഷം പുതിയ കോഡിനേറ്ററെ നിയമിച്ചിട്ടില്ല. പുതിയ കോഡിനേറ്ററെ നിയമിച്ചാലുടന്‍ സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കാന്‍ കഴിയുമെന്നും ഇതോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Comments are closed.