രാജ്യത്തെ സമ്പദ്‌വ്യവസ്ഥയില്‍ പ്രശ്‌നങ്ങളില്ലെന്നും അഞ്ച് ട്രില്യണ്‍ ജിഡിപി എന്ന ലക്ഷ്യം നേടാനാവുമെന്നും ധനകാര്യ മന്ത്രി

ദില്ലി: രാജ്യത്തെ സമ്പദ്‌വ്യവസ്ഥയില്‍ പ്രശ്‌നങ്ങളില്ലെന്നും അഞ്ച് ട്രില്യണ്‍ ജിഡിപി എന്ന ലക്ഷ്യം നേടാനാവുമെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നു. മൂന്ന് മാസത്തിനിടെ ജിഎസ്ടി കളക്ഷന്‍ ഒരു ലക്ഷം കോടി കടന്നതും നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഉണ്ടായ വര്‍ധനവും ഫാക്ടറി ഉല്‍പ്പാദനത്തിലുണ്ടായ വര്‍ധനവും ശുഭലക്ഷണങ്ങളാണെന്നും ഫോറെക്‌സ് റിസര്‍വ് ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും സ്റ്റോക് മാര്‍ക്കറ്റ് ശക്തമായി മുന്നേറുകയാണെന്നും അവര്‍ വ്യക്തമാക്കി.

കൂടാതെ വളര്‍ച്ചയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്ന നാല് മേഖലകള്‍ സ്വകാര്യ നിക്ഷേപം, കയറ്റുമതി, സ്വകാര്യ ഉപഭോഗം, പൊതുമേഖലാ ഉപഭോഗം എന്നിവയാണെന്നും അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 103 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പറഞ്ഞ അവര്‍, ഉപഭോഗം വളര്‍ത്താനാണ് റാബി, ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്തിയതെന്നും അറിയിച്ചു. പി ചിദംബരം തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്ന ധനകാര്യ മന്ത്രി ധനക്കമ്മി യുപിഎ സര്‍ക്കാരിന്റെ കാലത്തും ഉയര്‍ന്ന നിലയിലായിരുന്നുവെന്നും പറഞ്ഞു.

Comments are closed.