വിദ്യാഭ്യാസ വായ്പ നിഷേധിച്ചു : പൊതുമേഖലാ ബാങ്കിന് മുന്നില്‍ സമരവുമായി മത്സ്യതൊഴിലാളികള്‍

ആലപ്പുഴ: മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പയ്ക്കുള്ള അപേക്ഷ വാങ്ങിയ ശേഷം തൊഴില്‍ സാധ്യത കുറവാണെന്ന കാരണം പറഞ്ഞ് ലോണ്‍ നിഷേധിച്ച ആലപ്പുഴ ആറാട്ടുപുഴയിലെ കോര്‍പറേഷന്‍ ബാങ്കിന് മുന്നില്‍ സമരവുമായി മത്സ്യതൊഴിലാളി കുടുംബങ്ങള്‍. ആറാട്ടുപുഴ സ്വദേശിനിയും മത്സ്യത്തൊഴിലാളിയുമായ സീന, മകളെ ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ നഴ്‌സിംഗ് പഠനത്തിന് ചേര്‍ന്നിട്ട് ആറ് മാസം കഴിഞ്ഞു. ഫീസ് അടയ്ക്കാന്‍ നിവൃത്തിയില്ല.

വിദ്യാഭ്യാസ വായ്പ നല്‍കാമെന്ന ബാങ്ക് മാനേജറുടെ വാക്ക് വിശ്വസിച്ചാണ് പലരില്‍ നിന്നായി കടംവാങ്ങി പഠനത്തിന് അയച്ചത്. എന്നാല്‍ നഴ്‌സിംഗിന് തൊഴില്‍സാധ്യത കുറവാണെന്നും വായ്പ അനുവദിക്കാനാകില്ലെന്നും കഴിഞ്ഞ ദിവസം ഇവരെ കോര്‍പറേഷന്‍ ബാങ്ക് രേഖാമൂലം അറിയിക്കുകയായിരുന്നു. ആറാട്ടുപുഴയില്‍ തന്നെയുള്ള വിനോദിന്റെയും വീണയുടെയും മകള്‍ക്കും ഇതേ കാരണം പറഞ്ഞ് വായ്പ നിഷേധിച്ചു.

ഇവരുടെ മകളും ബംഗളൂരുവില്‍ പഠിക്കുകയാണ്. ബാങ്കിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്, പിന്തുണയുമായി ജനപ്രതിനിധികളുമെത്തിയിരുന്നു. എന്നാല്‍ വായ്പ നല്‍കുന്നതില്‍ രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്നും അതേസമയം തിരിച്ചടവ് മുടങ്ങുന്നത് കൊണ്ടാണ് വിദ്യാഭ്യാസ വായ്പകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചതെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്.

Comments are closed.