ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് പിതാവ് മകളെ ടാങ്കില്‍ മുക്കിക്കൊന്നു

നാഗര്‍കോവില്‍: നാഗര്‍കോവിലില്‍ അഞ്ചുഗ്രാമത്തിന് സമീപം ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് പിതാവ് മകളെ ടാങ്കില്‍ മുക്കി കൊലപ്പെടുത്തി. ഭാര്യ രാമലക്ഷ്മിയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് മയിലാടി മാര്‍ത്താണ്ഡപുരം സ്വദേശി ചെന്തില്‍കുമാര്‍ എന്നയാളാണ് എല്‍ കെ ജി വിദ്യാര്‍ത്ഥിനിയായ മകള്‍ സഞ്ചനയെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊലപ്പെടുത്തിയത്. കൂടാതെ ആറ് വയസ്സുകാരന്‍ മകനെയും ഇയാള്‍ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ഒന്നര ലക്ഷം രൂപയ്ക്കു ബാങ്കില്‍ പണയം വച്ച ആഭരണം എടുത്തു കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് ഇതിനു കാരണം. ശേഷം ചെന്തില്‍കുമാര്‍ പുറത്തേക്കു പോയി കുറച്ചു കഴിഞ്ഞാണു സമീപത്തെ ബന്ധുവീടിനു മുന്നില്‍ കഴുത്തില്‍ കയര്‍ മുറുകിയ നിലയില്‍ അബോധാവസ്ഥയില്‍ മകനെ കണ്ടത്. തുടര്‍ന്ന് ബന്ധുവീട്ടില്‍ നിന്നു ചെന്തില്‍കുമാര്‍ മകനെ കൂട്ടിക്കൊണ്ടു പോകുന്നതു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ പൊലീസ് കണ്ടെത്തിയിരുന്നു.

അതേസമയം മകനെ നാഗര്‍കോവിലിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു ചികിത്സയ്ക്കായി കൊണ്ടുപോയ രാമലക്ഷ്മി വീട്ടിലുള്ള മകളെ നോക്കണമെന്നു സമീപവാസികളോടു ഫോണില്‍ വിളിച്ചു പറഞ്ഞു. എന്നാല്‍ സമീപവാസികള്‍ എത്തിയപ്പോഴേക്കും ചെന്തില്‍കുമാര്‍ വീടു പൂട്ടി സ്ഥലം വിട്ടിരുന്നു. തുടര്‍ന്ന് രാമലക്ഷ്മി ആശുപത്രിയില്‍ നിന്നെത്തി സമീപവാസികളുടെ സഹായത്തോടെ പിന്‍വാതില്‍ തകര്‍ത്തു വീട്ടിനുള്ളില്‍ കയറിയപ്പൊഴാണു മകളെ വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം പ്രതിയായ ചെന്തില്‍ കുമാര്‍ ഒളിവില്‍ പോയി.

Comments are closed.