അസമില്‍ മതപഠനകേന്ദ്രങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ധനസഹായം സര്‍ക്കാര്‍ അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: പൊതുപ്പണം മതപരമായ കാര്യങ്ങള്‍ക്ക് ചെലവഴിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി വര്‍ഷംതോറും കോടികള്‍ ചെലവാക്കി അസമില്‍ മതപഠനകേന്ദ്രങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ധനസഹായം സര്‍ക്കാര്‍ അവസാനിപ്പിച്ചു. സംസ്ഥാനത്ത് 614 മദ്രസ്സകള്‍ക്കായി വര്‍ഷത്തില്‍ 4 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. സംസ്‌കൃത സ്‌കൂളുകള്‍ക്കായി 1 കോടി രൂപയും ചെലവാക്കുന്നു.

101 സംസ്‌കൃതപഠന കേന്ദ്രങ്ങളാണുള്ളത്. ഒരു മതേതരരാജ്യത്ത് അറബി പഠിപ്പിക്കാനും മതപരമായ കാര്യങ്ങള്‍ പഠിപ്പിക്കാനും സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്നത് ശരിയായ കാര്യമല്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായം. അതേസമയം സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മദ്രസ്സകളില്‍ മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നുണ്ടെങ്കില്‍ ഗീതയും ബൈബിളും പഠിപ്പിക്കാന്‍ സര്‍ക്കാരിന് ഫണ്ട് ചെയ്യേണ്ടതായി വരുമെന്ന് വിദ്യാഭ്യാസമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.

എന്നാല്‍ സംസ്ഥാനത്തെ സ്വകാര്യ മദ്രസ്സകള്‍ക്കും സംസ്‌കൃത വിദ്യാലയങ്ങള്‍ക്കും പഠനം സ്വന്തം നിലയ്ക്ക് തുടരാനാകും. അതെസമയം മദ്രസ്സുകളിലെ അധ്യാപകര്‍ ജോലിയെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നും റിട്ടയര്‍മെന്റ് വരെ സര്‍ക്കാര്‍ ശമ്പളം നല്‍കുമെന്നും ഒരു പ്രത്യേക മതത്തെ മാത്രം ലക്ഷ്യം വെച്ചെന്ന ആരോപണം വരാതിരിക്കാനാണ് സംസ്‌കൃത വിദ്യാലയങ്ങളെയും ഉള്‍പ്പെടുത്തിയതെന്നും മന്ത്രി പറയുന്നു.

Comments are closed.