ആളൊഴിഞ്ഞ പ്രദേശത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തൃശൂര്‍: വടക്കാഞ്ചേരിയ്ക്കു സമീപം കുറാഞ്ചേരിയിലെ ആളൊഴിഞ്ഞ പറമ്പില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെയാണ് പ്രദേശവാസികള്‍ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. അതേസമയം മൃതദേഹം പറമ്പില്‍ വെച്ച് കത്തിച്ചതിന്റെ സൂചനകളില്ല. മൃതദേഹം കത്തിച്ച ശേഷം ഇവിടെ കൊണ്ടുവന്നിട്ടതാകാമെന്നാണ് നിഗമനം.

തുടര്‍ന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസെത്തി പരിശോധന നടത്തിയിരുന്നു. വിരലടയാളവിദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. പൊലീസ് നായ സംഭവസ്ഥലത്ത് നിന്ന് 500 മീററര്‍ ഓടിയ ശേഷം നില്‍ക്കുകയായിരുന്നു.

പ്രദേശത്തെ കുറിച്ച് കൃത്യമായി അറിയുന്നവരാകും കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് നിലപാട്. സാധാരണ രാത്രികാലങ്ങളില്‍ ആളുകള്‍ ഇവിടെ വന്ന് മദ്യപിക്കാറുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനില്‍ നിന്നും വിവരം ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Comments are closed.