പള്‍സര്‍ RS200 ന്റെ നവീകരിച്ച പതിപ്പ് ഡീലര്‍ഷിപ്പുകളില്‍ എത്തി

ബജാജ് തങ്ങളുടെ ജനപ്രിയ മോഡലായ പൾസർ ശ്രേണിയെ ബിഎസ്-VI ന് അനുസൃതമായി പരിഷ്ക്കരിച്ച് വിപണിയിൽ എത്തിക്കുകയാണ്. അതിന്റെ ഭാഗമായി സ്പോർട്‌സ് കമ്മ്യൂട്ടർ ബൈക്കായ പൾസർ RS200 ന്റെ നവീകരിച്ച പതിപ്പ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി.

പുതിയ ബിഎസ്-VI പൾസർ RS200 ന് 1,43,717 രൂപയായിരിക്കും എക്സ്ഷോറൂം വില. ഇത് നിലവിലെ ബിഎസ്-IV പതിപ്പിനേക്കാൾ ഏകദേശം 3,000 രൂപയോളം വർധനവാണ് സൂചിപ്പിക്കുന്നത്. ബജാജ് മോട്ടോർസൈക്കിളുകളുടെ മറ്റ് ബിഎസ്-VI പതിപ്പുകളെപ്പോലെ തന്നെ പൾസർ RS200 നും അതിന്റെ രൂപകൽപ്പനയിലും സ്റ്റൈലിംഗിലും വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല.

എങ്കിലും പുതുക്കിയ ഗ്രാഫിക്സും പുതിയ കളർ ഓപ്ഷനുകളും മാത്രമാണ് ബൈക്കിലെ പുതിയ കൂട്ടിച്ചേർക്കലുകളായി പറയാൻ സാധിക്കുന്നത്. എന്നിരുന്നാലും പുതിയ കളർ ഓപ്ഷനുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഗ്രാഫൈറ്റ് ബ്ലാക്ക്, റേസിംഗ് ബ്ലൂ, റേസിംഗ് റെഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് നിലവിലുള്ള മോഡൽ വാഗ്ദാനം ചെയ്യുന്നത്. പുതിയ മോഡലിനൊപ്പം ഇതേ കളർ ഓപ്ഷനുകൾ തുടരാനാണ് സാധ്യത.

ബി‌എസ്-VI എഞ്ചിനെക്കുറിച്ച് പറയുമ്പോൾ പവർ, ടോർഖ് ഔട്ട്‌പുട്ട് എന്നിവയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല. മാത്രമല്ല, ബി‌എസ്-IV മോഡലിൽ നിലവിൽ ഉപയോഗിക്കുന്ന എഞ്ചിൻ ഇതിനകം തന്നെ ഫ്യുഴൽ ഇഞ്ചക്ഷനുമായാണ് വിപണിയിൽ എച്ചുന്നത്. അതായത് നവീകരിച്ച എഞ്ചിന് കുറഞ്ഞ പരിഷ്ക്കരണങ്ങൾ മാത്രമാണ് വേണ്ടിവരിക.

ബി‌എസ്-IV മോഡൽ 9750 rpm-ൽ 24.5 bhp കരുത്തും 8000 rpm-ൽ പരമാവധി 18.6 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈ കണക്കുകളിൽ നിന്ന് നേരിയ വ്യത്യാസം മാത്രമാകും ബിഎസ്-VI പൾസർ RS200 ന് ഉണ്ടാവുക. ആറ് സ്പീഡ് ഗിയർ‌ബോക്സും മുമ്പത്തേതിന് സമാനമായിരിക്കും.

നിലവിൽ പൾസർ RS200 ന് മണിക്കൂറിൽ പരമാവധി 140.8 വേഗത കൈവരിക്കാൻ സാധിക്കും. ബിഎസ്-VI ലേക്ക് നവീകരിക്കുന്നതോടെ ഇതിലും കുറവുണ്ടാകാൻ സാധ്യത കാണുന്നു.

മെക്കാനിക്കലുകളുടെ കാര്യത്തിൽ ഒരേയൊരു പ്രധാന വ്യത്യാസം ഇരട്ട-ചാനൽ എബി‌എസിന്റെ കൂട്ടിച്ചേർക്കലാണ്. നിലവിലെ മോഡലിന് സിംഗിൾ-ചാനൽ എബി‌എസ് മാത്രമേ ലഭിക്കൂ. ഡ്യുവൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പെരിമീറ്റർ ഫ്രെയിം, ക്രിസ്റ്റൽ എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ മോട്ടോർസൈക്കിൾ മുന്നോട്ടു കൊണ്ടുപോകും.

ടെലിസ്കോപ്പിക് ഫ്രണ്ട് സസ്പെൻഷൻ, കാനിസ്റ്ററിനൊപ്പം നൈട്രോക്സ് മോണോ റിയർ ഷോക്ക് അബ്സോർബർ എന്നിവയാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുക. ഡ്യുവൽ ചാനൽ എബിഎസുമായി സംയോജിപ്പിച്ച 300 mm ഫ്രണ്ട് ഡിസ്കും 230 mm റിയർ ഡിസ്കും ബ്രേക്കിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുന്നു. ട്യൂബ് ലെസ് ടയറുകളുള്ള മോട്ടോസൈക്കിളിന് ഇരുവശത്തും 17 ഇഞ്ച് വീലുകളാണ് നൽകുന്നത്.

വിപണിയിൽ മത്സരം തുടരുന്നതിന് ബജാജ് അതിന്റെ ബിഎസ്-VI മോഡലുകൾക്കായി ആക്രമണാത്മക വിലനിർണയ തന്ത്രം പിന്തുടരുന്നതായാണ് മനസിലാക്കാൻ സാധിക്കുന്നത്. മറ്റ് പ്രമുഖ ബ്രാൻഡുകളുടെ ബിഎസ്-VI സ്കൂട്ടറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും 5,00 മുതൽ 10,000 രൂപ വരെ വർധിച്ചപ്പോൾ ബജാജിന്റെ നവീകരിച്ച ബൈക്കുകൾ താരതമ്യേന കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുന്നു.

പൾസർ RS200 ന്റെ കാര്യത്തിൽ, ഉപഭോക്താക്കൾക്ക് ബി‌എസ്-VI എഞ്ചിൻ, ഡ്യുവൽ-ചാനൽ എ‌ബി‌എസ് എന്നിവ ലഭിക്കുന്നുത് കണക്കിലെടുക്കുമ്പോൾ 3,000 രൂപയുടെ വർധനവ് സ്വാഗതാർഹമാണ്.

Comments are closed.