ഡൊമിനാര്‍ 400 ന്റെ പുതിയ ബിഎസ്-VI പതിപ്പ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

ഇന്ത്യൻ ഇരുചക്ര വാഹന നർമാതാക്കളായ ബജാജ് ഓട്ടോ തങ്ങളുടെ സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിളായ ഡൊമിനാർ 400 ന്റെ പുതിയ ബിഎസ്-VI പതിപ്പ് ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.

ബജാജ് തങ്ങളുടെ മോട്ടോർസൈക്കിൾ ശ്രേണിയെ മുഴുവൻ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പൾസർ 150 മോഡലുകളെ കമ്പനി നവീകരിച്ച് എത്തിച്ചിരുന്നു. അതിനാൽ ഡൊമിനാറും ഉടനെത്തുമെന്നാണ് സൂചന.

എല്ലാ ബിഎസ്-VI മോഡലുകൾക്കും സംഭവിച്ച വില വർധനവ് ഡോമിനാറിനും ഉണ്ടാകും. നിലവിൽ 1,90,002 രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്ഷോറൂം വില. ഓൺ റോഡ് എത്തുമ്പോഴേക്കും 2.35 ലക്ഷം രൂപയോളമാണ് ഡൊമിനാർ 400 ന് മുടക്കേണ്ടത്. ബിഎസ്-VI പരിഷ്ക്കരണം ലഭിക്കുന്നതോടെ വിലയിൽ 1,749 രൂപയുടെ വർധനവ് മാത്രമാണ് ഉണ്ടാകുന്നത്.

ബൈക്കിൽ ഇതിനകം തന്നെ ബി‌എസ്‌-VI റെഡി ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ പുതിയ പതിപ്പിൽ കമ്പനി ഇസിയു, കാറ്റലറ്റിക് കൺവെർട്ടർ എന്നിവ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുതിയ ബി‌എസ്‌-VI എഞ്ചിൻ ലഭിക്കുന്നതോടെ വാഹനത്തിന്റെ പവർ കണക്കുകളിൽ നേരിയ വ്യത്യാസം ഉണ്ടാകാനും സാധ്യതയുണ്ട്.

നിലവിലെ ഡൊമിനാറിന്റെ 373.3 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, DOHC എഞ്ചിൻ 8650 rpm-ൽ 40 bhp കരുത്തും 7000 rpm-ൽ 35 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

പഴയ മോഡലിലെന്നപോലെ ബി‌എസ്-VI ബജാജ് ഡൊമിനാർ 400 ലെ ബ്രേക്കിംഗ് ഡ്യൂട്ടികൾ ഇരട്ട-ചാനൽ എബി‌എസുമായി ജോടിയാക്കിയ ഡിസ്ക് ബ്രേക്കുകൾ കൈകാര്യം ചെയ്യും. അതുപോലെ മുന്നിൽ ഒരു അപ്സൈഡ് ഡൌൺ ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് സസ്പെൻഷനിൽ സജ്ജമാക്കിയിരിക്കുന്നത്.

എഞ്ചിൻ നവീകരണത്തിന് പുറമെ വാഹനത്തിൽ മറ്റ് കൊസ്മെറ്റിക് മാറ്റങ്ങളൊന്നും കമ്പനി ഉൾപ്പെടുത്താതെയാകും വിപണിയിൽ എത്തിക്കുക. നിലവിൽ വൈൻ ബ്ലാക്ക്, ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ മാത്രമാണ് ബജാജ് ഡൊമിനാർ 400 ലഭ്യമാകുന്നത്. എന്നാൽ പുതിയ എഞ്ചിൻ പരിഷ്ക്കരണത്തോടൊപ്പം റെഡ്, വൈറ്റ് എന്നീ പുതിയ രണ്ട് നിറങ്ങൾ കൂടി കമ്പനി വാഗ്‌ദാനം ചെയ്തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡൊമിനാറിന്റെ വിപണിയിലെ പ്രധാന എതിരാളികൾ റോയൽ എൻഫീൽഡ് ഹിമാലയൻ മഹീന്ദ്ര മോജോ 300 എന്നിവയാണ്. ബിഎസ്-VI ഹിമാലയൻ കഴിഞ്ഞ മാസം വിപണിയിൽ എത്തിയിരുന്നെങ്കിലും പുതുക്കിയ മഹീന്ദ്ര മോജോ 300 അടുത്ത മാസത്തോടു കൂടിയെ എത്തുകയുള്ളൂവെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments are closed.