മാര്‍ച്ചിലെ രണ്ടാമത്തെ ആഴ്ചയില്‍ തുടര്‍ച്ചയായ ആറുദിവസം രാജ്യത്തെ ബാങ്കുകള്‍ അടച്ചിടും

ന്യൂഡല്‍ഹി: മാര്‍ച്ചിലെ രണ്ടാമത്തെ ആഴ്ചയില്‍ ബാങ്കുകളുടെ ലയനം, ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ആഹ്വാനം ചെയ്ത മൂന്നു ദിവസ പണിമുടക്കും ഹോളിയും രണ്ടാമത്തെ ശനിയാഴ്ചയും കണക്കാക്കുമ്പോള്‍ തുടര്‍ച്ചയായ ആറുദിവസം രാജ്യത്തെ ബാങ്കുകള്‍ അടച്ചിടേണ്ടി വരും. മാര്‍ച്ച് 10 മുതല്‍ 15 വരെയുള്ള ആറ് ദിവസമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ സാധ്യത.

മാര്‍ച്ച് 11 മുതല്‍ 13 വരെ ജീവനക്കാരുടെ പ്രമുഖ യൂണിയനുകളായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനുമാണ് സംയുക്തമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബുധനാഴ്ച മുതല്‍ വെളളിയാഴ്ച വരെയാണ് സമരം. 14 രണ്ടാം ശനിയാഴ്ചയാണ്. അന്ന് ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമല്ല.

15-ാം തീയതി ഞായറാഴ്ചയും 10 ചൊവ്വാഴ്ച ഹോളിയുമാണ്. ഈ ദിവസങ്ങളിലും ബാങ്കുകള്‍ക്ക് അവധിയാണ്. തുടര്‍ന്ന് 9ാം തീയതി തിങ്കളാഴ്ച മാത്രമാണ് ആ ആഴ്ചയില്‍ ഇടപാടുകള്‍ നടക്കുക. അതേസമയം ഈ വര്‍ഷം ഇത് മൂന്നാമത്തെ തവണയാണ് ബാങ്കുകള്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. ജനുവരി എട്ടിനും 31നും ബാങ്കുകള്‍ പണിമുടക്കിയിരുന്നു.

Comments are closed.