പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവം : മൂന്നാം പ്രതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍

തിരുവനന്തപുരം: പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ മൂന്നാം പ്രതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനാണ്. 2019 ഏപ്രില്‍ മൂന്നിന് പേരൂര്‍ക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗണ്‍മാന്‍ സനില്‍ കുമാര്‍ പതിനൊന്നംഗ പ്രതിപട്ടികയില്‍ മൂന്നാം പ്രതിയായിട്ടുള്ളത്. സായുധ സേന ക്യാമ്പിലെ ഹവില്‍ദാറായിരുന്ന സനില്‍ കുമാറിനായിരുന്നു വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതല.

വെടിയുണ്ടകളുടെ വിവരങ്ങള്‍ സനില്‍ കുമാര്‍ അടക്കമുള്ള 11 പേരും രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് എഫ്ഐആറില്‍ പറയുന്നത്. 1996 മുതല്‍ 2018 വരെയുള്ള കാലയളവില്‍ എസ്എപി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായെന്ന മുന്‍ കമാണ്ടന്റ് സേവ്യറിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമൊന്നുമുണ്ടായിട്ടില്ല. അതേസമയം സംഭവത്തില്‍ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അന്വേഷണം രണ്ട് മാസം കൊണ്ട് തീര്‍ക്കണമെന്നാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ നിര്‍ദേശം. കുറ്റവാളിയെന്ന് തെളിയും വരെ സനില്‍ കുമാര്‍ സ്റ്റാഫായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

Comments are closed.