സ്‌കോഡ തങ്ങളുടെ എന്യാക് എന്ന ആദ്യ ഇലക്ട്രിക്ക് എസ്യുവിയെ വെളിപ്പെടുത്തി

തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് വാഹനത്തിന്റെ പേര് വെളിപ്പെടുത്തി ചെക്ക് റിപ്പബ്‌ളിക്കന്‍ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ. എന്യാക് എന്നായിരിക്കും തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് എസ്‌യുവി അറിയപ്പെടുക എന്ന് കമ്പനി അറിയിച്ചു.

സ്‌കോഡയുടെ 125 വര്‍ഷത്തെ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനാണ് എന്യാക് തുടക്കം കുറിക്കുന്നത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി വികസിപ്പിച്ച അയോണ്‍ മൊഡുലാര്‍ ഇലക്ട്രിഫിക്കേഷന്‍ ടൂള്‍കിറ്റ് (MEB) പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന സ്‌കോഡയുടെ ആദ്യത്തെ ഇലക്ട്രിക്ക് കാറാണിത്.

സിറ്റിഗോ iV എന്നൊരു ഇലക്ട്രിക്ക് കാറിനെ ഇതിനോടകം തന്നെ സ്‌കോഡ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായുള്ള iV ഉപ ബ്രാന്‍ഡിലാവും എന്യാക് വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുക. 2022 -ന്റെ അവസാനത്തോടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

സാധാരണയായി സ്‌കോഡ എസ്‌യുവികളുടെ പേര് Q എന്ന അക്ഷരത്തിലാണ് അവസാനിപ്പിക്കുന്നത്. ഇലക്ട്രിക്ക് വാഹനം എന്ന് സൂചിപ്പിക്കുന്നതിനാണ് പവര്‍ട്രെയ്‌നിനെ ‘E’യില്‍ ആരംഭിക്കുന്ന പേരു തന്നെ സ്‌കോഡ തെരഞ്ഞെടുത്തതും.

വിപണിയില്‍ എസ്‌യുവി മോഡലുകള്‍ക്ക് പ്രിയം ഏറിയതോടെയാണ് ആദ്യ ഇലക്ട്രിക്ക് വാഹനം ഈ ശ്രേണിയില്‍ അവതരിപ്പിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഇലക്ട്രിക്ക് വാഹനങ്ങളുടെ വികസനത്തിനായി അടുത്ത വര്‍ഷത്തിനകം 200 കോടി യൂറോ (15,518 കോടിയോളം രൂപ) നിക്ഷേപിക്കാനും സ്‌കോഡയ്ക്കു പദ്ധതിയുണ്ട്.

വിഷന്‍ ഇന്‍ എസ്‌യുവിയുടെ കണ്‍സെപ്റ്റ് മോഡലിനെ അടുത്തിടെയാണ് സ്‌കോഡ വിപണിയില്‍ അവതരിപ്പിച്ചത്. കമ്പനിയുടെ ഇന്ത്യ 2.0 പദ്ധതിയുടെ കീഴില്‍ ആദ്യമായി നിരത്തിലെത്തുന്ന വാഹനമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കോഡയുടെ MQB AO IN പ്ലാറ്റ്‌ഫോമില്‍ വിപണിയില്‍ എത്തുന്ന മിഡ് സൈസ് എസ്‌യുവിയാണ് വിഷന്‍ ഇന്‍.

2021 -ഓടെ വാഹനത്തെ നിരത്തുകളിലെത്തിക്കുമെന്നും കമ്പനി അറിയിച്ചു. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്ക്സ് എന്നീവരാണ് നിരത്തില്‍ വാഹനത്തിന്റെ എതിരാളികള്‍. ആഗോള വിപണിയിലുള്ള സ്‌കോഡയുടെ കോമ്പക്ട് എസ്‌യുവിയായ കാമിക്കുമായി കൂടുതല്‍ സാമ്യം പുലര്‍ത്തുന്നതാണ് വിഷന്‍ ഇന്‍ എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Comments are closed.