മിനി തങ്ങളുടെ ക്ലബ്മാന്റെ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷന് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു
ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ മിനി തങ്ങളുടെ ക്ലബ്മാന്റെ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷന് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു. 44.9 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില.
ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്യുവിന് കീഴിലുള്ള ബ്രാന്‍ഡാണ് മിനി. ഫെബ്രുവരി 15 മുതല്‍ വാഹനം ആവശ്യക്കാര്‍ക്ക് ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ, ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ വഴിയും ആവശ്യക്കാര്‍ക്ക് വാഹനം ബുക്ക് ചെയ്യാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
പരിമിത പതിപ്പ് ആയതുകൊണ്ടുന്നെ 15 യൂണിറ്റുകള്‍ മാത്രമാകും ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുക. സാധാരണ പതിപ്പില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതിനായി വാഹനത്തിന്റെ ഡിസൈനിലും ഫീച്ചറുകളിലും ഒരുപിടി മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പ്രീമിയം ലുക്കോടെയാണ് ക്ലബ്മാന്‍ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷന് വിപണിയില്‍ വില്പനക്കെത്തുന്നത്.
മെറ്റാലിക് റെഡ് കളര്‍ ഓപ്ഷനാണ് വാഹനത്തിന്റെ ആദ്യ പുതുമ. പുനര്‍ രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഫോഗ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയും പുതിയ പതിപ്പിന്റെ സവിശേഷതയാണ്. ഹെഡ്ലാമ്പിന് ചുറ്റുമായി പിയാനോ ബ്ലാക്ക് ഇടംപിടിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും.
പരിഷ്കരിച്ച ഗ്രില്ലിലെ ഇന്‍സേര്‍ട്ടുകളും ക്ലബ്മാന്‍ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷനില്‍ വ്യത്യസ്തമാണ്. മിനിയുടെ ബ്രിട്ടീഷ് പൈതൃകത്തിനുള്ള ആദരസൂചകമായി എല്‍ഇഡി ടെയില്‍ ലാമ്പുകളുടെ ഇന്‍സേര്‍ട്ട്സിന് യൂണിയന് ജാക്ക് (ബ്രിട്ടീഷ് പതാക) ഡിസൈനാണ് കമ്പനി നല്‍കിയിരിക്കുന്നത്.
പിന്നിലെ സ്പ്ലിറ്റ് ഡോര്‍ ഇപ്പോള്‍ എളുപ്പത്തില്‍ തുറക്കാവുന്ന ഫീച്ചറും കമ്പനി വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ബൂട്ട് സ്പേസിന് താഴെയായി കാലുകൊണ്ട് ഒന്ന് വേവ് ചെയ്താല്‍ തന്നെ ടെയില്‍ഗേറ്റ് തുറക്കുന്ന പുതിയ സംവിധാനമാണ് ക്ലബ്മാന്റെ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷന് പതിപ്പിന്റെ മറ്റൊരു ആകര്‍ഷണം.
അകത്തളത്തിലും കാര്യമായ മാറ്റങ്ങളോടെയാണ് വാഹനം വിപണിയില്‍ എത്തുന്നത്. എല്‍ഇഡി റിങ്ങോടുകൂടിയ 6.5 ഇഞ്ച് ഇന്‍ഫോടെന്‍മെന്റ് സിസ്റ്റം, പനോരമിക് ഗ്ലാസ് റൂഫ്, പിയാനോ-ബ്ലാക്ക് ഹൈലൈറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, പ്രൊജക്ഷന് ലാമ്പുകള്‍, ഇലക്ട്രിക്കിലി ക്രമീകരിക്കാവുന്ന സീറ്റുകള്‍ എന്നിവയെല്ലാം വാഹനത്തിലെ സവിശേഷതകളാണ്.
കാര്‍ബണ്‍ ബ്ലാക്ക് ലെതറേറ്റ് ഫിനിഷുള്ളതും, മെമ്മറി ഫങ്ക്ഷന് ഉള്ളതുമായ ഇലക്ട്രിക്ക് സ്പോര്‍ട്സ് സീറ്റുകളാണ് അകത്തളത്തിലെ മറ്റൊരു ആകര്‍ഷണം. ചെക്വര്‍ഡ് ഡിസൈനിലിലുള്ള ഡാഷ്ബോര്‍ഡ് ഗാര്‍ണിഷ്, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍ എന്നിവയും ക്ലബ്മാന്‍ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷനിലെ മറ്റ് ഫീച്ചറുകളാണ്.
2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന് 190 bhp കരുത്തും 280 Nm torque ഉം സൃഷ്ടിക്കും. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ ബോക്സാണ് വാഹനത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.
എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്ട്രോള്, ക്രാഷ് സെന്‍സര്‍, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, കോര്‍ണറിങ് ബ്രേക്ക് കണ്ട്രോള്, റണ്‍-ഫ്ലാറ്റ് ഇന്‍ഡിക്കേറ്റര്‍, റിയര്‍വ്യൂ കാമറ എന്നിങ്ങനെ ധാരാളം സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
Comments are closed.