ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ഷാ ഫൈസലിനെതിരെ പൊതുസുരക്ഷ നിയമപ്രകാരം കേസ്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആറു മാസം മുന്‍പ് കരുതല്‍ തടവിലാക്കിയ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് (ജെ.കെ.പി.എം) നേതാവ് ഷാ ഫൈസലിനെതിരെ പൊതുസുരക്ഷ നിയമപ്രകാരം കേസെടുത്തു. തുടര്‍ന്ന് എം.എല്‍.എ ഹോസ്റ്റലില്‍ തടങ്കലില്‍ കഴിയുന്ന ഫൈസലിന് വെള്ളിയാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് നല്‍കുകയായിരുന്നു. അതേസമയം മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ക്കു പുറമേ നാഷണല്‍ കോണ്‍ഫറന്‍സ്, പി.പി.പി എന്നിവയുടെ നിരവധി നേതാക്കളും പൊതുസുരക്ഷാ നിയമപ്രകാരം അറസ്റ്റിലായിട്ടുണ്ട്.

എന്നാല്‍ ഈ നിയമം ചുമത്തപ്പെടുന്ന ഒടുവിലത്തെയാളാണ് ഫൈസല്‍. അതിനാല്‍ പൊതുസുരക്ഷാ നിയമപ്രകാരം കേസ് എടുത്തതോടെ രണ്ടു വര്‍ഷം വരെ വിചാരണ കൂടാതെ ഫൈസലിനെ തടവിലാക്കാന്‍ ഭരണകൂടത്തിന് കഴിയും. കൂടാതെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയെ നേരത്തെ ഈ നിയമപ്രകാരം അറസ്റ്റു ചെയ്തിരുന്നു.

ഡിസംബറില്‍ ഇദ്ദേഹത്തിന്റെ കസ്റ്റഡി മൂന്നു മാസം കൂടി നീട്ടുകയും ചെയ്തിരുന്നു. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഫൈസല്‍ ഉദ്യോഗം വലിച്ചെറിഞ്ഞാണ് രാഷ്ട്രീയത്തില്‍ എത്തിയത്. 2019 ഓഗസ്റ്റ് 14ന് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് ഷാ ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അദ്ദേഹത്തെ ശ്രീനഗറിലേക്ക് തിരിച്ചയക്കുകയായിരുന്നു. ആദ്യം സെന്റൂര്‍ ഹോട്ടലിലും പിന്നീട് എം.എല്‍.എ ഹോസ്റ്റലിലും തടവിലാക്കുകയായിരുന്നു.

Comments are closed.