ലോ കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം : എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്

കൊച്ചി: എറണാകുളം ലോ കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസ് എടുത്തു. കൂടാതെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിന് ആറ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുത്തിരിക്കുകയാണ്. തുടര്‍ന്ന് ഈമാസം 24 വരെ ലോ കോളേജിനും ഹോസ്റ്റലിലും അവധി നല്‍കി.

പ്രണയ ദിനത്തിന്റെ ഭാഗമായി കോളേജില്‍ നടന്ന കലാപരിപാടികളാണ് ക്രിക്കറ്റ് ബാറ്റും വടിയുമടക്കം ഉപയോഗിച്ചുള്ള കൂട്ടത്തല്ലിലെത്തിയത്. സംഘര്‍ഷത്തിനിടയില്‍ പെണ്‍കുട്ടികള്‍ക്കും അടിയേറ്റു. വടികൊണ്ടുള്ള അടിയില്‍ കെഎസ്‌യു പ്രവര്‍ത്തകരായ ഹാദി ഹസന്‍, ആന്റണി എന്നിവരുടെ തലയില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.

ഈ വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് 10 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ സെന്‍ട്രല്‍ പോലീസ് വധശ്രമം, വടികൊണ്ട് അടിച്ച് പരുക്കേല്‍പ്പിക്കല്‍ , കൂട്ടംചേര്‍ന്ന് ആക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിരിക്കുന്നത്. എസ്എഫ്‌ഐ നേതാക്കളായ ജാസ്മിന്‍, ജയലക്ഷ്മി എന്നിവരടക്കമുള്ളവരുടെ പരാതിയില്‍ ആറ് കെ എസ്‌യു നേതാക്കളെ പ്രതിയാക്കിയും കേസ് എടുത്തിട്ടുണ്ട്.

പെണ്‍കുട്ടികളെ ആക്രമിച്ചതിന് പ്രത്യേക കേസും പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സംഘര്‍ഷത്തില്‍ പരുക്കേറ്റ എട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Comments are closed.