ഈ വര്‍ഷം തന്നെ വിഷന്‍ ഇന്‍ എന്ന വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്ന് സ്കോഡ
15 -ാംമത് ഓട്ടോ എക്സ്പോയിലാണ് വിഷന്‍ ഇന്‍ എന്നൊരു എസ്യുവിടെ കണ്‍സെപ്റ്റ് പതിപ്പിനെ സ്കോഡ അവതരിപ്പിച്ചത്. 2021 -ന്റെ പകുതിയോടെ ഈ പുതിയ വാഹനം വിപണിയില്‍ എത്തുമെന്നായി ആദ്യം പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പുതിയ റിപ്പോര്‍ട്ടില്‍ ഈ വര്‍ഷം തന്നെ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിഷന്‍ ഇന്‍ എസ്യുവിയുടെ പ്രൊഡക്ഷന്‍ പതിപ്പ് റെഡിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വ്യക്തമായ ഒരു തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
കമ്പനിയുടെ ഇന്ത്യ 2.0 പദ്ധതിയുടെ കീഴില്‍ ആദ്യമായി നിരത്തിലെത്തുന്ന വാഹനമാണിത്. സ്കോഡയുടെ MQB AO IN പ്ലാറ്റ്ഫോമില്‍ മിഡ് സൈസ് എസ്യുവി പരിവേഷത്തിലാണ് വിഷന്‍ ഇന്‍ എത്തുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്ക്സ് എന്നീവരാണ് നിരത്തില്‍ വാഹനത്തിന്റെ എതിരാളികള്‍.
ആഗോള വിപണിയിലുള്ള സ്കോഡയുടെ കോമ്പക്ട് എസ്യുവിയായ കാമിക്കുമായി കൂടുതല്‍ സാമ്യം പുലര്‍ത്തുന്നതാണ് വിഷന്‍ ഇന്‍ എസ്യുവി. കാമിക് മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് വിഷന്‍ ഇന്നിനുള്ളത്.
ബ്ലാക്ക് B-പില്ലര്‍, വീതി കുറഞ്ഞ റിയര്‍വ്യു മിറര്‍, ക്രോം ഫ്രെയിമുകളുള്ള വിന്‍ഡോ, ക്രോം റൂഫ് റെയില്‍, 19 ഇഞ്ച് അലോയി വീലുകള്‍, ചുറ്റിലും ക്ലാഡിങ്ങ് എന്നിവയാണ് വശങ്ങളെ മനോഹരമാക്കുന്നത്. ഡ്യുവല്‍ ടോണ്‍ ബമ്പറും, എല്‍ഇഡി ലൈറ്റ് സ്ട്രിപ്പ്, നേര്‍ത്ത ടെയില്‍ ലാമ്പ് എന്നിവയാണ് പിന്‍ഭാഗത്തെ സവിശേഷതകള്‍.
ആഢംബരം പ്രൗഡി നല്‍കുന്നതാണ് വാഹനത്തിന്റെ അകത്തളം. 12.3 ഇഞ്ചിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സ്പോക്ക് സ്റ്റീയറിങ് വീല്‍, കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോള്‍ എന്നിവയാണ് അകത്തളത്തെ മനോഹരമാക്കുന്നത്. നിരവധി കണക്ടിവിറ്റി ഫീച്ചറുകളും വാഹനത്തിന്റെ സവിശേഷതയായിരിക്കും. 4,256 mm നീളവും 2,671 mm വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.
ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, പനോരാമിക് സണ്‍റൂഫ്, പുറകില്‍ എസി വെന്റുകള്‍, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍, ഡ്രൈവ് മോഡുകള്‍, ആമ്പിയന്റ് ലൈറ്റിങ് എന്നിവയാണ് അകത്തളത്തിലെ മറ്റ് ഫീച്ചറുകള്‍. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ TSi ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത്.
ഈ എഞ്ചിന് 150 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സും വാഹനത്തില്‍ ഇടംപിടിച്ചേക്കും. പെട്രോള്‍ പതിപ്പില്‍ മാത്രമാകും വാഹനം വിപണിയില്‍ എത്തുക.
ഡീസല്‍ എഞ്ചിന് ഒഴിവാക്കിയതുപോലെ CNG പതിപ്പിനെയും ഒഴിവാക്കിയേക്കുമെന്നാണ് സൂചന. 195 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 8.7 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. ബിഎസ് VI നിലവാരത്തിലേക്ക് എഞ്ചിന് പരീഷ്കരിക്കുമ്പോള് ചെലവേറും എന്നതുകൊണ്ട് ഡീസല്‍ എഞ്ചിന് പതിപ്പിനെ കമ്പനി ഉപേക്ഷിച്ചത്.
Comments are closed.