പത്താംക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റിലായി

തിരുവനന്തപുരം: ഈഞ്ചക്കല്‍ സുബാഷ് നഗറിലുള്ള ക്ഷേത്രത്തില്‍ പരീക്ഷ പേടിക്ക് പരിഹാരം തേടിയെത്തിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍. ബാലരാമപുരം പെരിങ്ങമല സ്വദേശിയായ മണിയപ്പന്‍ എന്ന് അറിയപ്പെടുന്ന മണിസ്വാമി ക്ഷേത്രത്തിലെ വിശ്രമ കേന്ദ്രത്തില്‍ വച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. 55 വയസുള്ള ഇയാള്‍ സുബാഷ് നഗറിലുള്ള ക്ഷേത്രത്തില്‍ പൂജാരിയാണ്.

ഒരാഴ്ച മുന്‍പാണ് അമ്മയ്‌ക്കൊപ്പം പരീക്ഷ പേടി മാറ്റാന്‍ ആവശ്യമായ പൂജ വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയും അമ്മയും ക്ഷേത്രത്തില്‍ എത്തിയത്. എന്നാല്‍ തിരക്കായതിനാല്‍ നാല് ദിവസത്തിന് ശേഷം വരാന്‍ പൂജാരി നിര്‍ദേശിച്ചു. അത് അനുസരിച്ച് പൂജാരി പറഞ്ഞ ദിവസം പെണ്‍കുട്ടി ഒറ്റയ്ക്കാണ് ക്ഷേത്രത്തില്‍ എത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പൂജ കഴിഞ്ഞ് ക്ഷേത്ര നട അടയ്ക്കും വരെ പൂജാരി മാറ്റി നിര്‍ത്തി. ശേഷം ശ്രീകോവിലിന് പിന്നിലുള്ള ഇരുനില കെട്ടിടത്തിലേക്ക് കൊണ്ടുപോയി പെണ്‍കുട്ടിയെ ഉപദ്രവിച്ചു.

അവിടെ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിച്ചുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടുകാര്‍ ഫോര്‍ട്ട് പൊലീസില്‍ നല്‍കിയ പരാതി അനുസരിച്ച് പിന്നീട് പോക്‌സോ നിയമം ചുമത്തി മണിസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ കോടതി റിമാന്റ് ചെയ്യുകയായിരുന്നു.

Comments are closed.