ഡെസ്റ്റിനി 125 -നെ വിപണിയില്‍ അവതരിപ്പിച്ച് ഹീറോ

ബിഎസ് എഞ്ചിന്‍ കരുത്തോടെ ഡെസ്റ്റിനി 125 -നെ വിപണിയില്‍ അവതരിപ്പിച്ച് ഹീറോ. ഡെസ്റ്റിനി 125 LX, ഡെസ്റ്റിനി 125 VX എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വിപണയിില്‍ എത്തുന്നത്.

പുതിയ LX പതിപ്പിന് 64,310 രൂപയും, VX പതിപ്പിന് 66,800 രൂപയുമാണ് എക്‌സ്‌ഷോറും വില. പഴയ ബിഎസ് IV പതിപ്പില്‍ നിന്നും 13,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിന്റെ വിലയില്‍ ഉണ്ടായിരിക്കുന്നത്. സ്‌പ്ലെന്‍ഡര്‍ പ്ലസിന്റെ ബിഎസ് VI പതിപ്പിനെയും ഇതിനൊപ്പം കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

ഏപ്രില്‍ ഒന്നിന് മുന്നോടിയായി മോഡലുകളെയെല്ലാം ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വില വര്‍ധനവിനൊപ്പം സ്‌കൂട്ടറില്‍ ചെറിയ മാറ്റങ്ങളും കമ്പനി നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സിഗ്നേച്ചര്‍ എല്‍ഇഡി ഗൈഡ്-ലാമ്പുകളാണ് പുതിയ സ്‌കൂട്ടറിന്റെ സവിശേഷത. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ത്രീ ഡിയിലുള്ള ലോഗോ, പുതിയ മാറ്റ് ഗ്രേ സില്‍വര്‍ കളര്‍ ഓപ്ഷന്‍ എന്നിവയാണ് പുതിയ ബിഎസ് VI ഡെസ്റ്റിനിയിലെ പുതുമകള്‍.

പ്രോഗ്രാംഡ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടുകൂടിയുള്ള 125 സിസി എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 6,750 rpm -ല്‍ 8.70 bhp കരുത്തും 5,000 rpm -ല്‍ 10.2 Nm torque ഉം ഉത്പാദിപ്പിക്കും.

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം ഉള്ളതുകൊണ്ട് പഴയ പതിപ്പിനെക്കാള്‍ അധിക മൈലേജും പുതിയ മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. 11 ശതമാനം ഉയര്‍ന്ന ഇന്ധനക്ഷമതയും 10 ശതമാനം മികച്ച ആക്‌സിലറേഷനും പുതിയ സ്‌കൂട്ടര്‍ സമ്മാനിക്കുമെന്നാണ് കമ്പനിയുടെ ആവകാശവാദം.

ഹീറോ മോട്ടോകോര്‍പ്പിന്റെ i3S ടെക്‌നോളജിയും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. ഈ മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ സ്‌കൂട്ടറില്‍ സംഭവിച്ചിട്ടില്ല. വാഹനം ഉടന്‍ തന്നെ ഡീലര്‍ഷിപ്പുകളില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചു. 2018 ഓട്ടോ എക്സ്പോയില്‍ ഡ്യുവറ്റ് 125 എന്ന പേരിലായിരുന്നു സ്‌കൂട്ടറിനെ കമ്പനി ആദ്യം കൊണ്ടുവന്നത്.

എന്നാല്‍ പ്രൊഡക്ഷന്‍ പതിപ്പിന് ഡെസ്റ്റിനി 125 എന്നു പേരു ഹീറോ സ്വീകരിച്ചു. ഹീറോയുടെ ഏറ്റവും ഉയര്‍ന്ന സ്‌കൂട്ടര്‍ മോഡലായി ഡെസ്റ്റിനി വിപണിയില്‍ അറിയപ്പെടും. 125 സിസി സ്‌കൂട്ടര്‍ നിരയില്‍ i3S ടെക്നോളജി കടന്നുവരുന്ന ആദ്യ സ്‌കൂട്ടര്‍ കൂടിയായിരുന്നു ഡെസ്റ്റിനി.

ഡിജിറ്റല്‍ – അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, റിമോട്ട് കീ ഓപ്പണിങ് മുതലായവ ഡെസ്റ്റിനിയുടെ സവിശേഷതകളാണ്. സീറ്റ് തുറക്കാതെ പുറമെ നിന്നും ഇന്ധനം നിറയ്ക്കാവുന്ന സംവിധാനമാണ് സ്‌കൂട്ടറില്‍ ഒരുങ്ങുന്നത്. ഉയര്‍ന്ന VX മോഡലില്‍ മൊബൈല്‍ ചാര്‍ജ്ജിങ് പോര്‍ട്ടും ബൂട്ട് ലൈറ്റും കമ്പനി അധികമായി നല്‍കുന്നുണ്ട്.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഒറ്റ കോയില്‍ മാത്രമുള്ള സ്പ്രിങ്ങും സസ്പെന്‍ഷന്‍ നിറവേറ്റും. മുന്‍ ഡിസ്‌ക് ബ്രേക്കില്ലെങ്കിലും പകരം ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സംവിധാനം (iBS) ഡെസ്റ്റിനിയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. വിപണിയില്‍ ആക്ടിവ 125, സുസുക്കി ആക്‌സസ് 125 എന്നിവരാണ് എതിരാളികള്‍.

Comments are closed.