വയനാട് ആദിവാസി യുവതിയുടെ മരണം : പ്രദേശവാസിയായ യുവാവിനെതിരെ ആരോപണം

മാനന്തവാടി: വയനാട് മാനന്തവാടിയിലെ ആദിവാസി യുവതി ശോഭയുടെ മരണത്തില്‍ ശോഭയെ രാത്രി വിളിച്ചിറക്കികൊണ്ടുപോയത് അയല്‍വാസികൂടിയായ യുവാവാണെന്നും, മരണത്തില്‍ ഇയാളുടെ പങ്ക് അന്വേഷിക്കണമെന്നും ബന്ധുക്കളും നാട്ടുകാരും പറയുന്നു. കൂടാതെ മരണശേഷം യുവാവിന്റെ വീടിന് സമീപത്തുനിന്നും ശോഭയുടെ ഫോണും കണ്ടെത്തിയിരുന്നു.

ഡിസംബര്‍ രണ്ടിന് രാത്രി ഒരുഫോണ്‍ വന്നതിന് ശേഷമാണ് ശോഭ വീട്ടില്‍നിന്നും പുറത്തേക്ക് പോയത്, പിറ്റേന്ന് രാവിലെ സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ ഫോണ്‍ ചെയ്തത് അയല്‍വാസി കൂടിയായ യുവാവാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അതേസമയം അബദ്ധത്തില്‍ ഷോക്കേറ്റതാണെന്ന പോലീസിന്റെ നിഗമനത്തിനെതിരെ ബന്ധുക്കള്‍ കൂടുതല്‍ സംശയങ്ങള്‍ ഉന്നയിക്കുന്നു.

മൃതദേഹം കണ്ടെത്തിയ വയലില്‍ മുന്‍പൊന്നും വൈദ്യുതവേലിസ്ഥാപിച്ച് കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഈ പ്രദേശത്തെകുറിച്ചൊക്കെ നല്ല ധാരണയുള്ള ശോഭയ്ക്ക് എങ്ങനെ അബദ്ദത്തില്‍ ഷോക്കേല്‍ക്കുമെന്നും ഇവര്‍ ചോദിക്കുന്നു. അതേസമയം ആരോപണ വിധേയനായ യുവാവിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് മുന്നില്‍ സമരമിരിക്കാനാണ് ബന്ധുക്കളുടെ തീരുമാനിച്ചിരിക്കുന്നത്.

Comments are closed.