കൊറ്റമ്പത്തൂരില്‍ കാട്ടുതീ പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് മൂന്ന് അഗ്‌നിശമന സേനാ ജീവനക്കാര്‍ വെന്തുമരിച്ചു

തൃശൂര്‍ : കൊറ്റമ്പത്തൂരില്‍ കാട്ടുതീ പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് മൂന്ന് അഗ്‌നിശമന സേനാ ജീവനക്കാര്‍ വെന്തുമരിച്ചു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റെ അക്കേഷ്യത്തോട്ടത്തില്‍നിന്ന് ഇന്നലെ ഉച്ചമുതല്‍ തീയും പുകയും ഉയരുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു സംഭവം. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ മൂന്നുപേരും നടുവിലകപ്പെടുകയായിരുന്നു.

വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ പൂങ്ങോട് സ്റ്റേഷനിലെ വാഴച്ചാല്‍ സ്വദേശി ദിവാകരന്‍ (43), താല്‍ക്കാലിക വാച്ചറായ കൊടുമ്പ് സ്വദേശി എടവണ്ണ വളപ്പില്‍ വേലായുധന്‍ (63) താല്‍ക്കാലിക വാച്ചറായ കൊടുമ്പ് സ്വദേശി ശങ്കരന്‍ (48) എന്നിവരാണു മരിച്ചത്.

അതേസമയം ഷൊര്‍ണൂരില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേനയും ചെറുതുരുത്തിയില്‍നിന്നു വന്ന പോലീസും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കാട്ടിനുള്ളിലേക്കു പടര്‍ന്നുപിടിച്ച തീ അണയ്ക്കാനുള്ള ശ്രമം രാത്രി വൈകിയും തുടര്‍ന്നിരുന്നു. എന്നാല്‍ തീ അണച്ച ശേഷവും പലയിടത്ത് നിന്നും പുക വരുന്നു.

തീ വീണ്ടും കത്തുന്നുണ്ടോ എന്ന ആശങ്ക പ്രദേശവാസികള്‍ക്കുണ്ട്. കുറ്റിച്ചെടികളും ഉണങ്ങിയ പുല്ലുകളും വ്യാപകമായി നില്‍ക്കുന്ന പ്രദേശത്ത് ശക്തമായ കാറ്റുമുണ്ട്. വീശീയടിക്കുന്ന കാറ്റില്‍ വീണ്ടും തീ പടരുമോ എന്നാണ് ആശങ്ക. അക്കോഷ്യ മരങ്ങളും ഉണങ്ങിയ ഇലകളുമാണ് ഇന്നലെ തീ പടരാന്‍ കാരണമായി മാറിയത്.

Comments are closed.