കരസേനാ സൈന്യത്തില്‍ വനിതകളെ സ്ഥിരം കമ്മിഷന്‍ഡ് ഉദ്യോഗസ്ഥരായി നിയമിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കരസേനാ സൈന്യത്തില്‍ വനിതകളെ സ്ഥിരം കമ്മിഷന്‍ഡ് ഉദ്യോഗസ്ഥരായി നിയമിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കരസേനയെ വനിതാ ഓഫീസര്‍മാര്‍ നയിക്കുന്നതില്‍ തെറ്റില്ലെന്നും സൈന്യത്തില്‍ ലിംഗ വിവേചനം പാടില്ലെന്നും ഈ മനോഭാവം മാറണമെന്നും സുപ്രീംകോടതി പറയുന്നു.

ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നും വരുന്നവര്‍ക്കിടയില്‍ സ്ത്രീകളായ ഓഫീസര്‍മാരെ സ്വീകരിക്കാന്‍ തക്കവിധത്തില്‍ മാനസീകാവസ്ഥ രൂപപ്പെട്ടിട്ടില്ലെന്നായിരുന്നു നേരത്തേ ഇക്കാര്യത്തില്‍ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വാദം കരസേനയ്ക്ക് തന്നെ അപമാനകരമാണെന്നും സൈന്യത്തില്‍ പുരുഷന്മാരെ പോലെ തന്നെ വിവിധ തസ്തികകളിലും അവസരങ്ങളിലും തത്തുല്യമായി സ്ത്രീകള്‍ക്കും പരിഗണന നല്‍കണമെന്നും ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായുള്ള ബഞ്ച് വിലയിരുത്തുകയായിരുന്നു. അതിനാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഇക്കാര്യം നടപ്പിലാക്കാനും യുദ്ധ മേഖലയില്‍ അല്ലാത്ത സൈന്യത്തിലെ എല്ലാ വിഭാഗത്തിലും തലപ്പത്ത് പരിഗണിക്കണം എന്നും അനുച്ഛേദം 14 നല്‍കുന്ന തുല്യത അവസരങ്ങളുടെ തുല്യത കൂടിയാണെന്നും കോടതി അറിയിച്ചു.

കൂടാതെ സ്ത്രീ – പുരുഷ ശാരീരിക സവിശേഷതകളെയും സ്ത്രീകളുടെ അവകാശവുമായി കൂട്ടിക്കുഴയ്ക്കേണ്ട എന്ന് വ്യക്തമാക്കിയ പരമോന്നത കോടതി കേന്ദ്ര സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും ഈ മനോഭാവത്തില്‍ മാറ്റം വരണമെന്നും സൈന്യത്തില്‍ വനിതകളുടെ സാന്നിധ്യം വിപ്ലവകരമെന്ന് വിലയിരുത്തിയ സുപ്രീം കോടതി സ്ത്രീകളുടെ കഴിവിനെയും നേട്ടങ്ങളെയും സംശയിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമെന്നും നിരീക്ഷിച്ചു.

Comments are closed.