കുടിശിക ഉടന്‍ അടയ്ക്കണമെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഭാരതി എയര്‍ടെല്‍ 10,000 കോടി രൂപ അടച്ചു

ന്യുഡല്‍ഹി: ടെലികോം കമ്പനികള്‍ സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള അഡ്ജസ്റ്റഡ് ഗ്രേസ് റവന്യൂ (എജിആര്‍) കുടിശിക ഉടന്‍ അടയ്ക്കണമെന്ന് കാണിച്ച് ഭാരതി എയര്‍ടെല്ലിനും വോഡാഫോണിനും ടെലികോം വകുപ്പ് ഫെബ്രുവരി 14ന് ഉത്തരവ് നല്‍കിയതിനെത്തുടര്‍ന്ന് ഭാരതി എയര്‍ടെല്‍ 10,000 കോടി രൂപ അടച്ചു. എയര്‍ടെല്‍ അവരുടെ എജിആര്‍ കണക്കാക്കിയശേഷമാണ് ടെലികോം കമ്മ്യൂണിക്കേഷന്‍ നിര്‍ദേശപ്രകാരം കുടിശിക അടച്ചത്.

ആദായ നിര്‍ണയം പൂര്‍ത്തിയായശേഷം അവശേഷിക്കുന്ന കുടിശികയും അടയ്ക്കുമെന്നും ഭാരതി എയര്‍ടെല്‍ പറഞ്ഞു. തുടര്‍ന്ന് ഭാരതി എയര്‍ടെല്‍ ഭാരതി ഹെക്സകോം, ടെലിനോര്‍ എന്നിവയുടെ പേരിലുള് കുടിശികയാണ് അടച്ചത്. സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിന് മുന്‍പ് അവശേഷിക്കുന്ന കുടിശികകൂടി അടയ്ക്കുമെന്നും എയര്‍ടെല്‍ അറിയിച്ചു. ലൈസന്‍സ് ഫീസ്, സ്പെക്ട്രം യൂസേജ് ചാര്‍ജ് തുടങ്ങിയ ഇനങ്ങളില്‍ എയര്‍ടെല്‍ 35,586 കോടി രുപയോളമാണ് കുടിശിക അടയ്ക്കാനുള്ളത്.

ഫെബ്രുവരി 20 ഓടെ 10,000 കോടിയും അവശേഷിക്കുന്ന തുക മാര്‍ച്ച് 17നു മുന്‍പും അടയ്ക്കുമെന്ന് എയര്‍ടെല്‍ ടെലികോം വകുപ്പിനെ അറിയിച്ചു. അതേസമയം കുടിശിക പിരിക്കാന്‍ കാലതാമസം വരുത്തിയതില്‍ ടെലികോം വകുപ്പും സുപ്രീം കോടതിയില്‍ നിന്ന് വിമര്‍ശനം നേരിട്ടുരുന്നു. ഇതേതുടര്‍ന്നാണ് കമ്പനികള്‍ക്ക് സര്‍ക്കിള്‍ അടിസ്ഥാനത്തില്‍ ഡിമാന്‍ഡ് നോട്ടീസ് അയച്ചത്.

Comments are closed.