നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം : ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വീണ്ടും ശ്രമം

കൊച്ചി : നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് തനിക്ക് തെറ്റു പറ്റിയെന്നും ക്ഷമിക്കണമെന്നും ചൂണ്ടിക്കാട്ടി ‘വെയില്‍’ സിനിമയുടെ നിര്‍മാതാവ് ജോബി ജോര്‍ജ്ജിനും സിനിമയുടെ സംവിധായകന്‍ ശരത്തിനും ഷെയിന്‍ കത്തയച്ചു. തുടര്‍ന്ന് തനിക്ക് ബാക്കി ലഭിക്കാനുള്ള തുക കൈപ്പറ്റാതെ തന്നെ സിനിമ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ കത്തില്‍ വ്യക്തമാക്കി.

കരാര്‍ പ്രകാരം 40 ലക്ഷം രൂപയാണ് വെയില്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ഷെയിനിന് ലഭിക്കേണ്ടത്. ഇതില്‍ 24 ലക്ഷം രൂപ ഷെയ്ന്‍ കൈപ്പറ്റിയിട്ടുണ്ട്. ബാക്കി 16 ലക്ഷം രൂപയാണ് ഷെയിനിന് ഇനി ലഭിക്കാനുള്ളത്. എന്നാല്‍ വിവാദങ്ങളെ തുടര്‍ന്ന് മുടങ്ങിക്കിടന്നിരുന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടന്‍ ഷെയ്ന്‍ നിഗം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. താരസംഘടനയായ അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്.

ഒരാഴ്ച കൊണ്ടാണ് ഷെയ്ന്‍ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം. ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതോടെ നിര്‍മാതാക്കളുമായുള്ള സമവായത്തിന് സാഹചര്യം ഒരുങ്ങുകയായിരുന്നു. അതേസമയം വിഷയത്തില്‍ നിര്‍മാതാക്കളുമായി കൂടിയാലോചിച്ച് മറുപടി നല്‍കാമെന്ന് ജോബി ജോര്‍ജ് അറിയിച്ചു.

Comments are closed.