സിയാസിന്റെ ബിഎസ്-IV ഡീസല്‍ മോഡലിനെ വിപണിയില്‍ നിന്നും പിന്‍വലിച്ച് മാരുതി സുസുക്കി

2020 ഏപ്രിലിൽ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡം നിലവിൽ വരുന്നതിനു മുന്നോടിയായി സിയാസിന്റെ ബിഎസ്-IV ഡീസൽ മോഡലിനെ വിപണിയിൽ നിന്നും പിൻവലിച്ച് മാരുതി സുസുക്കി.

ബിഎസ്-VI നിയമം നിലവിൽ വരുന്ന ആദ്യ ഘട്ടത്തിൽ ഡീസൽ വാഹനങ്ങളെ തങ്ങളുടെ ശ്രേണിയിൽ ഉണ്ടായിരിക്കില്ലെന്ന സൂചനയാണ് സി-വിഭാഗത്തിലെത്തുന്ന സിയാസ് സെഡാന്റെ പിൻവാങ്ങൽ.

ഇൻ-ഹൗസ് വികസിപ്പിച്ച 1.5 ലിറ്റർ ഡിഡിഎസ് ബിഎസ്-IV എഞ്ചിനാണ് മാരുതി സുസുക്കി സിയാസിൽ കമ്പനി വാഗ്‌ദാനം ചെയ്തിരുന്നത്. ഇത് 95 bhp കരുത്തിൽ 225 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ഈ യൂണിറ്റ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരുന്നത്. ഓട്ടോമാറ്റിക് സിയാസിന് കമ്പനി നൽകിയിരുന്നില്ല.

മാരുതി തന്നെ വികസിപ്പിച്ചെടുത്ത ആദ്യത്തെ നാല് സിലിണ്ടർ ഡീസൽ എഞ്ചിനായിരുന്നു 1.5 ലിറ്റർ ഡിഡിഎസ് യൂണിറ്റ്. പവർ ഡെലിവറി ലീനിയർ ആണെങ്കിലും, ഈ എഞ്ചിൻ അതിന്റെ പരിഷ്കൃതവും രസകരവുമായ ഡ്രൈവിംഗ് സ്വഭാവത്തിന് പേരുകേട്ടതാണ്.

എന്നാൽ പുതിയ മലിനീകരണ ചട്ടം നിലവിൽ വരുന്നതോടെ ഡീസൽ എഞ്ചിനെ പൂർണമായും ഉപേക്ഷിക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തയാറായിട്ടില്ല. ഉപഭോക്തൃ ആവശ്യത്തെ അടിസ്ഥാനമാക്കി 2021 ൽ 1.5 ലിറ്റർ ഡിഡിഎസ് എഞ്ചിന്റെ നവീകരിച്ച ബിഎസ്-VI കംപ്ലയിന്റ് പതിപ്പ് മാരുതി കൊണ്ടുവരാൻ പദ്ധതിയിട്ടിട്ടുണ്ട്.

ഇത് സംഭവിച്ചാൽ സിയാസ്, എർട്ടിഗ, ഫെയ്‌സ്‌ലിഫ്റ്റ് വിറ്റാര ബ്രെസ എന്നിവയിലും ഇടംപിടിച്ചേക്കും. ബി‌എസ്-VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി സിയാസിന്റെ പെട്രോൾ വകഭേദങ്ങൾ അടുത്തിടെ പരിഷ്ക്കരിച്ച് മാരുതി സുസുക്കി വിപണിയിൽ എത്തിച്ചിരുന്നു. 105 bhp കരുത്ത് സൃഷ്ടിക്കുന്ന 1.5 ലിറ്റർ K15B എഞ്ചിനാണ് ഇപ്പോൾ സിയാസിൽ ലഭ്യമാവുക.

കൂടാതെ ബി‌എസ്-VI പരിഷ്ക്കരണത്തിനൊപ്പം സിയാസിന്റെ ഒരു സ്‌പോർട്ടിയർ പതിപ്പായ എസ് വകഭേദത്തെയും കമ്പനി അവതരിപ്പിച്ചു. അതിൽ ധാരാളം സ്‌പോർടി കോസ്‌മെറ്റിക് ബിറ്റുകൾ മാരുതി ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ 8.32 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 11.10 ലക്ഷം രൂപ വരെയാണ് ബിഎസ്-VI പെട്രോൾ സിയാസിന്റെ എക്സ്ഷോറൂം വിലകൾ. ഹ്യുണ്ടായി വേർണ, ഹോണ്ട സിറ്റി, ടൊയോട്ട യാരിസ്, വരാനിരിക്കുന്ന സ്കോഡ റാപ്പിഡ് ടിഎസ്ഐ, ഫോക്‌സ്‌വാഗണ്‍ വെന്റോ ബിഎസ്-VI എന്നിവയുടെ പെട്രോൾ മോഡലുകളാണ് ആഭ്യന്തര വിപണിയിൽ സിയാസ് പ്രീമിയം സെഡാന്റെ എതിരാളികൾ.

2014 മുതൽ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന മോഡലാണ് സിയാസ്. അന്ന് എർട്ടിഗയിൽ ഉപയോഗിച്ചിരുന്ന 1.3 ലിറ്റർ ഫിയറ്റ് സോഴ്‌സ്ഡ് DDS എഞ്ചിനിലാണ് സിയാസ് പ്രവർത്തിച്ചിരുന്നത്. എന്നാൽ പിന്നീട് എർട്ടിഗ, സിയാസ് എന്നിവയെ കമ്പനി തന്നെ വികസിപ്പിച്ച 1.5 ലിറ്റർ ഡീസൽ യൂണിറ്റ് ഉപയോഗിച്ച് പരിഷ്ക്കരിക്കുകയായിരുന്നു.

നിലവിൽ ബ്രാൻഡ് രാജ്യത്ത് അവതരിപ്പിക്കുന്ന മുൻനിര സെഡാനായതിനാൽ വാഹനത്തിന്റെ വിൽപ്പന കമ്പനി നെക്‌സ പ്രീമിയം ഡീലർഷിപ്പുകൾ വഴിയാക്കിയിരുന്നു. 2.7 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച സിയാസിന് 29 ശതമാനം വിപണി വിഹിതമുണ്ട്.

Comments are closed.