ശബരിമല യുവതീ പ്രവേശനം : ഒന്‍പതംഗ ഭരണഘടനാ ബെഞ്ചില്‍ പത്ത് ദിവസത്തെ അന്തിമ വാദം തുടങ്ങി

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം ഒന്‍പതംഗ ഭരണഘടനാ ബെഞ്ചില്‍ പത്ത് ദിവസത്തെ അന്തിമ വാദം തുടങ്ങി. ഓരോ മതത്തിലെയും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം അതത് മതവിഭാഗത്തില്‍ അധിഷ്ഠിതമാകണമെന്നും പൊതുജനങ്ങളെ ബാധിക്കുന്ന ക്രമസമാധാനം, ആരോഗ്യം, ധാര്‍മിക നീതി തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിനോ കോടതിക്കോ അഭിപ്രായങ്ങള്‍ അറിയിക്കാം.

എന്നാല്‍ പ്രസ്തുത മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കേണ്ടത് വിശ്വാസികളാണെന്നും കേന്ദ്ര സര്‍ക്കാറിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. അതേസമയം ഏഴ് പരിഗണനാ വിഷയങ്ങളില്‍ രാവിലെ പത്ത് മണിയോടെ വാദം ആരംഭിച്ചപ്പോള്‍ മതാചാരങ്ങളില്‍ കോടതി ഇടപെടരുതെന്ന് ആവശ്യപ്പെടുന്നവരുടെ വാദമാണ് ആദ്യം കേള്‍ക്കുന്നത്.

ഒന്നാം നമ്പര്‍ കോടതിയില്‍, മതാചാരങ്ങളെ പിന്തുണയ്ക്കുന്നവരും അല്ലാത്തവരുമെന്ന് തരംതിരിച്ച് രണ്ട് സംഘങ്ങളായാണ് വാദം നടക്കുന്നത്. പത്ത് ദിവസമാണ് കോടതി അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഓരോരുത്തര്‍ക്കും എത്ര സമയം നല്‍കണമെന്നതാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചും അഭിഭാഷകരും ആദ്യം ചര്‍ച്ച ചെയ്തത്. തുഷാര്‍ മേത്തയ്ക്ക് പുറമേ മുതിര്‍ന്ന അഭിഭാഷകരായ കെ. പരാശരന്‍, ഇന്ദിര ജയ്സിംഗ്, ഫാലി എസ്. നരിമാന്‍, കപില്‍ സിബല്‍, രാജീവ് ധവാന്‍, വി.ഗിരി തുടങ്ങി ഇരുപതോളം പേര്‍ കോടതിയില്‍ ഹാജരായിരുന്നു.

ഓരോരുത്തത്തരും എത്ര നേരം വാദം നടത്തണമെന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയെന്നും വിവരങ്ങള്‍ രജിസ്ട്രാര്‍ക്ക് കൈമാറിയെന്നും അഭിഭാഷകര്‍ ബെഞ്ചിനെ അറിയിച്ചു. ഒന്നര ദിവസമാണ് കേന്ദ്രം വാദത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റ് അഭിഭാഷകര്‍ പത്ത് മിനിട്ട് വീതവും ആവശ്യപ്പെട്ടു. എന്നാല്‍ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് വാദിക്കാനാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത.

Comments are closed.