മാധ്യമപ്രവര്‍ത്തകനായ എംഎസ് മണി അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കലാകൗമുദിയുടെ സ്ഥാപക പത്രാധിപരുമായിരുന്ന എംഎസ് മണി അന്തരിച്ചു. 79 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കുമാരപുരം കലാകൗമുദി ഗാര്‍ഡന്‍സില്‍ വച്ചായിരുന്നു. കേരള കൗമുദി പത്രാധിപരായിരുന്ന കെ സുകുമാരന്റെ മകനായ അദ്ദേഹം കേരളാകൗമുദിയില്‍ റിപ്പോര്‍ട്ടറായാണ് മാധ്യമ രംഗത്തേക്ക് വന്നത്.

മാധ്യമരംഗത്തെ മികവിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌ക്കാരമടക്കം നേടിയിരുന്നു എംഎസ് മണി. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ ഫാര്‍മക്കോളജി അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ. കസ്തൂരിഭായിയാണ് ഭാര്യ. കേരളകൗമുദി അസിസ്റ്റന്റ് എഡിറ്ററായിരുന്ന വത്സാമണി മകളും ഒരു അന്താരാഷ്ട്ര പരസ്യക്കമ്പനി ഉദ്യോഗസ്ഥനായി പാരീസില്‍ പ്രവര്‍ത്തിക്കുന്ന സുകുമാരന്‍ മണി മകനുമാണ്. കേരളകൗമുദി മുന്‍ റെസിഡന്റ് എഡിറ്റര്‍ എസ്. ഭാസുരചന്ദ്രനാണ് മരുമകന്‍.

Comments are closed.