നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ച് ഡല്‍ഹി പാട്യാല അഡിഷണല്‍ സെഷന്‍സ് കോടതി

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടമാനഭംഗക്കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ്, പവന്‍ ഗുപ്ത, അക്ഷയ് സിംഗ് എന്നിവരുടെ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ച് ഡല്‍ഹി പാട്യാല അഡിഷണല്‍ സെഷന്‍സ് കോടതി. വധശിക്ഷ തിഹാര്‍ ജയിലില്‍ മാര്‍ച്ച് മൂന്നിന് രാവിലെ 6 മണിക്ക് നടപ്പാക്കാനാണ് ജഡ്ജ് ധര്‍മ്മേന്ദര്‍ റാണയുടെ ഉത്തരവ്. അതേസമയം മുകേഷ് സിംഗ്, വിനയ് ശര്‍മ്മ , അക്ഷയ് കുമാര്‍ സിംഗ് എന്നിവരുടെ നിയമസാദ്ധ്യതകളെല്ലാം അവസാനിച്ചെങ്കിലും, പവന്‍ ഗുപ്തയ്ക്ക് സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജിയും, രാഷ്ട്രപതിക്ക് ദയാഹര്‍ജിയും നല്‍കാന്‍ അവസരമുണ്ട്.

ദയാഹര്‍ജി തള്ളിയാല്‍ അതിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാം. പവന്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കുമെന്ന് അഭിഭാഷകന്‍ രവി ഖാസി ഇന്നലെ കോടതിയെ അറിയിച്ചു. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നത് വീണ്ടും വൈകാനാണ് സാധ്യത. കൂടാതെ ഇന്നലെ കോടതിയിലെത്തിയ മുകേഷിന്റെ അമ്മ പൊട്ടിക്കരഞ്ഞു. മകനോട് ദയകാണിക്കണമെന്ന് അപേക്ഷിച്ചു. പ്രതി വിനയ് ശര്‍മ്മ ഫെബ്രുവരി 11നും 12നും നിരാഹാരസമരം നടത്തിയെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം ശ്രദ്ധിക്കാന്‍ കോടതി ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Comments are closed.