ഒന്നരവയസ്സുകാരന്‍ തയ്യില്‍ കടല്‍തീരത്ത് മരിച്ചുകിടന്ന സംഭവം കൊലപാതകമെന്ന് കണ്ടെത്തി

കണ്ണൂര്‍: തയ്യില്‍ കടല്‍തീരത്ത് ഒന്നരവയസ്സുകാരന്‍ മരിച്ചുകിടന്ന സംഭവത്തില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം കടല്‍തീരത്തെ കല്ലുകള്‍ക്കിടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. കുഞ്ഞിന്റെ മൂര്‍ദ്ധാവില്‍ ഏറ്റ ക്ഷതമാണ് മരണകാരണം. തുടര്‍ന്ന് കുഞ്ഞ് വെള്ളത്തില്‍ മുങ്ങിയിട്ടില്ലെന്നും ശരീരത്തില്‍ ഉപ്പുവെള്ളത്തിന്റെ അംശമില്ലെന്നും പരിശോധനയില്‍ വ്യക്തമായതോടെ മാതാപിതാക്കളില്‍ ഒരാളാണ് കൊലപാതകം നടത്തിയതെന്നാണ് കണ്ടെത്തല്‍.

എന്നാല്‍ ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്തിട്ടും ഇരുവരും കുറ്റം സമ്മതിച്ചിട്ടില്ല. പരസ്പരം കുറ്റം ആരോപിക്കുകയാണ്. ഇവരുടെ വസ്ത്രങ്ങളില്‍ അടക്കം ശാസ്ത്രീയ പരിശോധന നടത്തിയശേഷം കൊലയാളിയാരാണെന്ന് ഉറപ്പിക്കാന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ മകന്‍ വിയാനെ ഇന്നലെ പുലര്‍ച്ചെയാണ് കാണാതായത്.

തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയില്‍ പോലീസിന്റെ അന്വേഷണത്തില്‍ 11 മണിയോടെയാണ് മൃതദേഹം കടല്‍തീരത്തുനിന്ന് മലര്‍ന്നുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കുട്ടിയും പിതാവും മുറിയിലെ കട്ടിലിലും കുട്ടിയുടെ അമ്മ ഇതേ മുറിയില്‍ നിലത്തും കിടന്നാണ് ഉറങ്ങിയത്. അടച്ചു പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്നാണ് കുഞ്ഞിനെ കാണാതായിരിക്കുന്നതെന്നാണ് പരാതി. പുലര്‍ച്ചെ മൂന്ന് മണിക്ക് കുട്ടി ഉണര്‍ന്നിരുന്നു.

പിന്നീട് കുഞ്ഞിനെ അച്ഛനൊപ്പം ഉറക്കിക്കിടത്തിയ ശേഷമാണ് അമ്മ ഉറങ്ങിയത്. അതേസമയം കുട്ടിയുടെ അച്ഛനും അമ്മയും അമ്മയുടെ അമ്മയും അമ്മയുടെ ആങ്ങളയും ഉള്‍പ്പെടുന്ന നാലുപേരാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു.

Comments are closed.