സി.എ.ജി റിപ്പോര്‍ട്ടില്‍ ആഭ്യന്തര സെക്രട്ടറിക്ക് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ പോലീസിനെതിരെ ഉയര്‍ന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രമക്കേടുകളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയും പ്രതിപക്ഷം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തതോടെ ആഭ്യന്തര സെക്രട്ടറിക്ക് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

പോലീസിന്റെ കൈവശമുള്ള 25 ഇന്‍സാസ് റൈഫിളുകളും 12000ല്‍ ഏറെ തിരകളും കാണാതായെന്ന സി.എ.ജിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ കൂടി ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അതേസമയം പോലീസിന്റെ നവീകരണ ഫണ്ടിലും കോടികളുടെ വെട്ടിപ്പ് നടന്നുവെന്നും സി.എ.ജി കണ്ടെത്തിയിരുന്നു.

എന്നാല്‍ ക്രൈംബ്രാഞ്ച് മേധാവി ടോമി തച്ചങ്കരി നടത്തിയ പരിശോധനയില്‍ തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും തിരകള്‍ നഷ്ടപ്പെട്ടതില്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചിരുന്നു. ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ ആഭ്യന്തര വകുപ്പ് തന്നെ അന്വേഷിക്കുന്നത് പ്രഹസനമാണെന്നും സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ഏജന്‍സിയോ കുറഞ്ഞപക്ഷം ജുഡീഷ്യല്‍ അന്വേഷണമെങ്കിലും നടക്കണമെന്നുമാണ് പ്രതിപക്ഷം പറയുന്നത്.

Comments are closed.