പൊലീസ് വകുപ്പിലെ ക്രമക്കേടന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയോട് നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ വച്ച സി.എ.ജി റിപ്പോര്‍ട്ട് വി.ഡി.സതീശന്‍ അദ്ധ്യക്ഷനായ സഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിക്കാനിരിക്കെ സംസ്ഥാന പൊലീസ് വകുപ്പിലെ പര്‍ച്ചേസുകളില്‍ വന്‍ ക്രമക്കേടും ഒത്തുകളിയും നടത്തിയെന്നും, അതീവ പ്രഹരശേഷിയുള്ള റൈഫിളുകളും പന്ത്രണ്ടായിരത്തിലേറെ ഉണ്ടകളും നഷ്ടമായെന്നുമുള്ള സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതരമായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സഭാ സമിതിക്കു മുന്നില്‍ ആരോപണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടതുണ്ട്. ഇതിനു മുന്നോടിയായാണ് ആഭ്യന്തര സെക്രട്ടറിയുടെ പരിശോധനയെന്നാണ് വിവരം. അതേസമയം പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് 25 ഇന്‍സാസ് റൈഫിളുകള്‍ കാണാതായെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി കഴിഞ്ഞ ദിവസം തോക്കുകള്‍ പരിശോധിച്ച ശേഷം വ്യക്തമാക്കിയിരുന്നു.

ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും സഭാസമിതി മുമ്പാകെ ഹാജരാക്കാനാവുന്നതാണ്. എന്നാല്‍, ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കൂടി ഉള്‍പ്പെട്ട സമിതി സാധൂകരിച്ച് നല്‍കിയ പൊലീസ് മേധാവിയുടെ ക്രമക്കേടുകള്‍ അദ്ദേഹം തന്നെ പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു.

Comments are closed.