തയ്യിലില്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ അമ്മ ശരണ്യയുമായി പോലീസ് ഇന്ന് തെളിവെടുക്കും
കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കര്‍ശന സുരക്ഷയില്‍ അമ്മ ശരണ്യയുമായി പോലീസ് ഇന്ന് തെളിവെടുക്കും. തുടര്‍ന്ന് വൈകിട്ട് ശരണ്യയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് വ്യക്തമാക്കി. ഭര്‍ത്താവാണ് കുറ്റക്കാരനെന്നാണ് ശരണ്യ പോലീസിനോട് പറഞ്ഞത്.
തുടര്‍ന്ന് ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റേയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ നിരത്തി ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കൊന്നുവെന്ന് സമ്മതിക്കുകയായിരുന്നു.
ശരണ്യയും ഭര്‍ത്താവ് പ്രണവും തമ്മില്‍ നേരത്തെ മുതല്‍ അസ്വരാസ്യങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരു ബന്ധത്തിലായ ശരണ്യ, കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ വെള്ളംകുടിച്ച ശരണ്യ, ഒടുവില്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.
അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ രണ്ട് മണിയോടെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് ആദ്യം കുഞ്ഞിനെ വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ -പ്രണവ് ദമ്പതികളുടെ മകന് വിയാന്റെ മൃതദേഹം കഴിഞ്ഞദിവസമാണ് തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. കടലിനോട് ചേര്‍ന്നുള്ള പാറക്കെട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് ആദ്യം തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നല്കി.
ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ ശരണ്യയുടെ വസ്ത്രത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ കേസന്വേഷണം വഴിമാറി. ഒടുവില്‍ ഒന്നരവയസുകാരനെ കൊന്നത് അമ്മയാണെന്ന് കണ്ടെത്തുകയായിരുന്നു.
Comments are closed.