അഭയാര്‍ത്ഥികള്‍ വ്യാജമായി ആധാര്‍ കാര്‍ഡ് കരസ്ഥമാക്കി ; 127 പേര്‍ക്ക് യുഐഡിഎഐ യുടെ നോട്ടീസ്

ഹൈദരാബാദ്: ഹൈദരാബാദില്‍ അഭയാര്‍ത്ഥികള്‍ വ്യാജമായി ആധാര്‍ കാര്‍ഡ് കരസ്ഥമാക്കിയെന്ന് വിവരത്തെ തുടര്‍ന്ന് 127 പേര്‍ക്ക് പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നോട്ടീസ് അയച്ചു. അനധികൃത കുടിയേറ്റക്കാരായ 127 പേര്‍ തെറ്റായി വിവരങ്ങള്‍ നല്‍കി ആധാര്‍ കാര്‍ഡ് സ്വന്തമാക്കിയെന്ന സംസ്ഥാന പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് യുഐഡിഎഐ പറയുന്നത്.

അതിനാല്‍ യഥാര്‍ത്ഥ രേഖകളുമായി ഫെബ്രുവരി 20ന് യുഐഡിഎഐ ഓഫീസില്‍ നേരിട്ടെത്തണമെന്നും അല്ലാത്തപക്ഷം ആധാര്‍ സസ്പെന്റു ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. ഹൈദരാബാദിലെ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുമ്പാകെ ഹാജരാകാനാണ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ സംഘടിപ്പിക്കുന്നതിന് കൂടുതല്‍ സമയം നല്‍കണമെന്ന പോലീസിന്റെ നിര്‍ദേശപ്രകാരം ഹാജരാകുന്നത് മെയ് മാസത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.

അതേസമയം നോട്ടീസ് കിട്ടിയ 127 പേരില്‍ ഒരാളായ ഓട്ടോറിക്ഷാ ഡ്രൈവര്‍ മൊഹദ് സത്താര്‍ ഖാന്‍ നോട്ടീസ് സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. തുടര്‍ന്ന് യുഐഡിഎഐയുടെ നോട്ടീസിനെ തെലങ്കാന ഹൈക്കോടതയിയില്‍ ചോദ്യം ചെയ്യുമെന്ന് മൊഹദ് സത്താര്‍ ഖാന്റെ അഭിഭാഷകന്‍ മുസാഫറുള്ള ഖാന്‍ പറഞ്ഞു. യുഐഡിഎഐയ്ക്കു മുമ്പാകെയും ഹാജരാകും. അവര്‍ സനത്നഗറില്‍ താമസിച്ചുവന്നിരുന്നതാണ്. അടുത്തകാലത്താണ് ഹൈദരാബാദിനു സമീപത്തേക്ക് താമസം മാറ്റിയതെന്നും അവരെ എങ്ങനെയാണ് വിദേശികളായി കാണുന്നതെന്നും അഭിഭാഷകന്‍ പറയുന്നു.

അതേസമയം യുഐഡിഎഐയുടെ ഈ നടപടി പ്രദേശത്തെ ന്യുനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പൗരത്വ വിഷയവുമായി ആധാറിന് ഒരു ബന്ധവുമില്ല. പൗരത്വത്തിനുള്ള രേഖയുമല്ല. അതേസമയം, അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നല്‍കാന്‍ പാടില്ലെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക നിര്‍ദേശം യുഐഡിഎഐയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.

Comments are closed.