ഐ.എസ്.ആര്‍.ഒ ചാരക്കേസ് : മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച പരാതി പിന്‍വലിച്ചു

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പ്രതിയാക്കിയതിന്റെ പേരില്‍ സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്കെതിരെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച പരാതി പിന്‍വലിച്ചു. സര്‍ക്കാര്‍ നഷ്ടപരിഹാരമായി പ്രഖ്യാപിച്ച 1.30കോടി രൂപ കൈപ്പറ്റിക്കൊണ്ടാണ് കേസില്‍ നിന്ന് നിരുപാധികം പിന്‍മാറുന്നതായി നമ്പി നാരായണന്‍ പറയുന്നത്. തുടര്‍ന്ന് കേസ് അവസാനിപ്പിക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സബ് ജഡ്ജിയുടെ കോടതി അനുമതി നല്‍കുകയായിരുന്നു.

അതേസമയം 2018 സെപ്തംബറില്‍ സുപ്രീം കോടതി നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരുന്നു. എന്നാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. തര്‍ക്കം തുടരുന്നതിനിടെ മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ നമ്പി നാരായണന് നഷ്ടപരിഹാരമായി 1.30 കോടി നല്‍കാന്‍ സര്‍ക്കാരിന് ശിപാര്‍ശ ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ അടക്കം ഒന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ നല്‍കിയ നഷ്ടപരിഹാര തുകയാണിത്. നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് 2019 ഡിസംബര്‍ 27നാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

Comments are closed.