അനധികൃത സ്വത്ത് സമ്പാദന കേസ് : മുന്‍മന്ത്രി വി.എസ് ശിവകുമാറിന്റെ വീട്ടില്‍ റെയ്ഡ്.

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി വി.എസ് ശിവകുമാറിനും കൂട്ടുപ്രതികള്‍ക്കുമെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതിനു പിന്നാലെ വിജിലന്‍സ് റെയ്ഡ്. തുടര്‍ന്ന് ശിവകുമാറിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളുമായിരുന്ന എം.രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍.എസ് ഹരികുമാറര്‍ എന്നിവരുടെയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. വിജിലന്‍സിന് ലഭിച്ച പരാതികളില്‍ പരാമര്‍ശിക്കപ്പെട്ട ഏഴുപേരുടെ സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചെന്നും ശിവകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ ഇവരുടെയെല്ലാം സ്വത്തില്‍ ഇരട്ടി വര്‍ധനവ് ഉണ്ടായെന്നും വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തിരുവനന്തപുരത്ത് ആശുപത്രി വാങ്ങിയതും അനധികൃതമായി വിദേശയാത്രകള്‍ നടത്തിയതും ബിനാമി പേരില്‍ സ്വത്തുകള്‍ വാങ്ങിക്കൂട്ടി എന്നിങ്ങനെയാണ് ശിവകുമാറിനെതിരെ ആരോപിക്കുന്നത്. 2016ല്‍ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായ സമയം മുതല്‍ ശിവകുമാറിനെതിരെ വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗം രഹസ്യമായി അന്വേഷണം നടത്തുകയും തുടര്‍ന്ന് അനധികൃത സ്വത്ത് സമ്പാദനത്തിന് ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഇന്റലിജന്‍സ് വിഭാഗം വിജിലന്‍സ് ഡയറക്ടര്‍ക്ക് ശിപാര്‍ശ നല്‍കുകയുമായിരുന്നു.

അതേസമയം 2011 മുതല്‍ 2016 വരെ യു.ഡി.എഫ് മന്ത്രിസഭയില്‍ ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന വി.എസ്. ശിവകുമാര്‍ ഇക്കാലയളവില്‍ പഴ്സണല്‍ സ്റ്റാഫിനേയും സുഹൃത്തുകളേയും ബിനാമികളാക്കി സ്വത്തുകള്‍ സമ്പാദിച്ചെന്നാണ് എഫ്.ഐ.ആറിലുള്ളത്. അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ആഭ്യന്തരസെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ട പിന്നാലെയാണ് വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.

Comments are closed.