നിര്‍ഭയകേസ് : പ്രതികളില്‍ ഒരാള്‍ ജയിലില്‍ തല ഭീത്തിയിലിടിപ്പിച്ച് പരിക്കേറ്റ നിലയില്‍

ന്യൂഡല്‍ഹി: നിര്‍ഭയകേസില്‍ വധശിക്ഷ ഉറപ്പായ പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മ ജയിലില്‍ തല ഭീത്തിയിലിടിപ്പിച്ച് പരിക്കേറ്റ നിലയിലായി. വധശിക്ഷ ഉറപ്പാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ജയില്‍ അധികൃതര്‍ പ്രതികളെ കര്‍ശനമായി നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച തീഹാറിലെ മൂന്നാം നമ്പര്‍ ജയിലിലെ ഭിത്തിയില്‍ തലയിട്ടടിച്ച് പരിക്കേറ്റ നിലയില്‍ ഇയാള്‍ക്ക് ചികിത്സ നല്‍കി. വിനയ് ശര്‍മ്മ സ്വയം മുറിവേല്‍പ്പിക്കുന്നത് ആദ്യമായല്ല.

ഫെബ്രുവരി 16 ന് മാതാവ് ജയിലില്‍ മകനെ സന്ദര്‍ശിക്കാനെത്തിയതിന് പിന്നാലെ സ്വന്തം കൈ ഗ്രില്ലിനിടയിലൂടെ കടത്തി ഇയാള്‍ ഒടിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മകന്‍ തന്നെ തിരിച്ചറിഞ്ഞില്ലെന്ന് ഇവര്‍ ജയില്‍ അധികൃതരോട് പരാതി പറയുകയും ചെയ്തിരുന്നു. അതേസമയം പുതിയ മരണവാറന്റ് വന്നതോടെ വിനയ് ശര്‍മ്മയുടെ മനോനില തന്നെ തെറ്റിയ നിലയിലാണെന്നാണ് ജയില്‍ കൗണ്‍സല്‍ എപി സിംഗ് പറഞ്ഞത്.

എന്നാല്‍ ശര്‍മ്മയെ കൗണ്‍സിലിംഗ് നടത്തിയതില്‍ നിന്നും അത്തരമൊരു സൂചന കിട്ടുന്നില്ലെന്ന് മനശ്ശാസ്ത്ര പരിശോധനകള്‍ പറയുന്നു. അതേസമയയം മരണവാറന്റ് കിട്ടിയതോടെ നാലു പ്രതികളും ആക്രമണകാരികളായി മാറിയിട്ടുണ്ട് എന്നാണ് ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ജയില്‍ വാര്‍ഡന്മാരെയും ഗാര്‍ഡുകളെയും ആക്രമിക്കാന്‍ ശ്രമിക്കാറുണ്ടെന്നും പറഞ്ഞു. ഇവരുടെ പെരുമാറ്റത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടുണ്ട്.

പക്ഷേ ഇവരുടെ ഭക്ഷണ രീതികള്‍ക്ക് മാറ്റം ഉണ്ടായിട്ടില്ല. ചിലപ്പോള്‍ ഉച്ചഭക്ഷണം കഴിക്കാതിരിക്കുന്ന മുകേഷ് സിംഗ് പിന്നീട് അമിതമായി ഭക്ഷിക്കുന്നതും കാണാം. ആത്മഹ്യാ നിരീക്ഷണ വിഭാഗം ഇവരെ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. മുറിയില്‍ സിസിടിവി ക്യാമറകള്‍ വെച്ച് ഇവരുടെ ചലനം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ സെല്ലിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചിട്ടുണ്ട്.

ജയിലില്‍ ആര്‍ക്കും സഹതാപം ഇല്ലാത്തതിനാല്‍ മറ്റുള്ള ജയില്‍പ്പുള്ളികളുമായുള്ള ഇവരുടെ ഇടപെടലും നിയന്ത്രിച്ചിരിക്കുകയാണ്. എന്നാല്‍ മാതാപിതാക്കളെ കാണാന്‍ അനുമതിയുണ്ട്. ചിലപ്പോള്‍ ഇവര്‍ കാണാന്‍ കൂട്ടാക്കുകയില്ല. അതേസമയം തന്നെ ഇവരുടെ മനോനില തെറ്റാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്.

Comments are closed.