യൂത്ത്‌ കോൺഗ്രസ്സ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്നും 20 ലക്ഷം രൂപാ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി.

കൊല്ലം: യൂത്ത് കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്നും 20 ലക്ഷം രൂപാ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ ഇരവിപുരം പോലീസ് പിടികൂടി. ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിമുക്ക് പോസ്റ്റാഫീസ് ജംഗ്ഷന് സമീപം തേജസ് നഗർ 152 നെടിയവിള വീട്ടിൽ നൗഫാ കോയ തങ്ങളുടെ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന കെ എൽ 31 എ 419 ടാറ്റാ എയ്സ് വാഹനത്തിൽ നിന്നും സമീപത്തെ ഷാനൂർ മൻസിലിൽ ബിനോയ് ഷാനൂരിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്നും 24 ചാക്കുകളിലായി നിറച്ചിരുന്ന 60000 പാക്കറ്റോളം വിവിധയിനത്തിൽപ്പെട്ട നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൊല്ലം സിറ്റി പോലീസ് സംഘം പിടികൂടി.

അന്വേഷണത്തിൽ പുകയില ഉൽപ്പന്നങ്ങൾ തേജസ് നഗർ 151 ൽ ഷാനൂർ മൻസിലിൽ ബിനോയ് ഷാനൂരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി. ബിനോയ് ഷാനൂറിനും കൂട്ടാളിക്കുമെതിരെ ഇരവിപുരം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റിൽ ഏകദേശം 20 ലക്ഷത്തോളം രൂപാ വിലമതിക്കും. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി. ഐപിഎസ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനത്തിലും ഗോഡൗണിലുമായി രഹസ്യമായി സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.

കൊല്ലം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസിപി നസീർ എം എ,ഡിസിബി എസിപി എം അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇരവിപുരം പോലീസ് ഇൻസ്പെക്ടർ വിനോദ്, എസ്ഐമാരായ അനീഷ്, രാജേന്ദ്രൻ, എഎസ്ഐമാരായ അമൽ, ഷാജി, ഡിസ്ട്രിക്ട് അന്റിനർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് അംഗങ്ങളായ എസ്ഐ ജയകുമാർ, പോലീസ് ഉദ്യോഗസ്ഥരായ സീനു, സജു, മനു, ബൈജു ജെറോം എന്നിവരടങ്ങിയ സംഘമാണ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.