കൊറോണ വൈറസ് : ടോക്കിയോയ്ക്ക് സമീപം പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ രണ്ട് യാത്രക്കാര്‍ മരിച്ചു

ടോക്കിയോ: കൊറോണ വൈറസിനെത്തുടര്‍ന്ന് ജപ്പാനിലെ ടോക്കിയോയ്ക്ക് സമീപം പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ രണ്ട് യാത്രക്കാര്‍ മരിച്ചു. കപ്പലലെ 3700 ഓളം യാത്രക്കാരില്‍ 620 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗമില്ലെന്ന് ബോധ്യപ്പെട്ടതോടെ 400 ഓളം പേരെ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

അതേസമയം, കൊറോണയെ തുടര്‍ന്ന് ഇറാനിലും രണ്ടു പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ചൈനയില്‍ മരണസംഖ്യ 2100 കടന്നുവെങ്കിലും ചൈനയ്ക്കു പുറത്ത് ഏഴോ എട്ടോ പേരാണ് മരണപ്പെട്ടിരിക്കുന്നത്. ചൈനയില്‍ മാത്രം 75,000 പേര്‍ ചികിത്സയിലാണ്. രോഗം ചികിത്സിച്ച് സുഖപ്പെട്ടവര്‍ മറ്റു രോഗികള്‍ക്കായി പ്ലാസ്മദാനം ചെയ്യണമെന്ന് ചൈനീസ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന അവശേഷിക്കുന്ന ഇന്ത്യക്കാരേയും പുറത്തെത്തിക്കാന്‍ ഇന്ത്യയുടെ സി-17 സൈനിക വിമാനം നാളെ ചൈനയിലേക്ക് പുറപ്പെടും.

ചൈനയിലേക്ക് മരുന്നുകള്‍ അടക്കമുള്ള സാധനങ്ങളുമായാണ് വിമാനം പുറപ്പെടുന്നത്. കൊറോണ പടര്‍ന്നുപിടിച്ചതോടെ വുഹാനില്‍ ജനങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 30,000 ഓളം മൃഗങ്ങളെ ഇത്തരത്തില്‍ ഉപേക്ഷിച്ചിട്ടുണ്ട്. അതേസമയം കൊറോണ വൈറസ് ബാധയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത് വാള്‍സ്ട്രീറ്റ് ജേണലിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകരെ ചൈനയില്‍ നിന്ന് പുറത്താക്കി. ‘ചൈന ദ റിയല്‍ സിക് മാന്‍ ഓഫ് ഏഷ്യ’ എന്ന പേരില്‍ വന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

Comments are closed.