ജര്‍മ്മനിയില്‍ ഹനൗവിനു സമീപമുണ്ടായ വെടിവയ്പില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു ; നിരവധി പേര്‍ക്ക് പരിക്ക്

ജര്‍മ്മനി: ജര്‍മ്മനിയില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഹനൗവില്‍ ബാറുകള്‍ക്ക് സമീപമുണ്ടായ വെടിവയ്പില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അതേസമയം അഞ്ചു പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാത്രി 10 മണിയോടെ ‘മിഡ്നൈറ്റ്’ബാറിലാണ് ആദ്യം വെടിവയ്പ് നടന്നത്. ഇവിടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് അവിടെ നിന്ന് കാറില്‍ രക്ഷപ്പെട്ട അക്രമികള്‍ അരീന ബാറില്‍ വെടിവയ്പ് നടത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ഇവിടെ ഒരു സ്ത്രീ അടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു. സ്മോകിംഗ് ഏരിയയില്‍ നിന്നവര്‍ക്കു നേരെയാണ് വെടിവയ്പ് നടന്നത്. ഈ ബാറിലെ രണ്ട് ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്കായി പോലീസ് വ്യാപകമായ തെരച്ചില്‍ നടത്തുകയാണ്. സായുധ പോലീസ് സേനയ്ക്കു പുറമേ ഹെലികോപ്ടറുകള്‍ ഉപയോഗിച്ചുള്ള തെരച്ചിലും നടത്തുകയാണ്.

അതേസമയം 2016ല്‍ ബെര്‍ലിനില്‍ നടന്ന ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഹാല്ലെയില്‍ രണ്ടു പേരെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ജൂണില്‍ ലിബറല്‍ റെഫ്യൂജി പോളിസി വക്താവും യഥാസ്ഥിതിക കക്ഷി നേതാവുമായ വാള്‍ട്ടര്‍ ലൂബെക്ക് വീടിനുള്ളില്‍ വെടിയേറ്റു മരിച്ചിരുന്നു.

Comments are closed.