റിയല്‍മിയുടെ റിയല്‍മെ എക്‌സ് 50 പ്രോ 5 ജി ഫെബ്രുവരി 24 ന് പുറത്തിറങ്ങും

റിയൽമിയുടെ ആദ്യത്തെ മുൻനിര 5 ജി സ്മാർട്ട്‌ഫോണായ റിയൽ‌മെ എക്സ് 50 പ്രോ 5 ജി ഫെബ്രുവരി 24 ന് പുറത്തിറങ്ങും. ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യേണ്ടിയിരുന്നത് എം‌ഡബ്ല്യുസി 2020ൽ വച്ചായിരുന്നു. കൊറോണ മൂലം എംബഡ്യൂസി റദ്ദാക്കിയതുകൊണ്ട് ലോഞ്ചിങ് ഇവന്റുകളിൽ കമ്പനി മാറ്റം വരുത്തി. സ്പെയിനിലെ മാഡ്രിഡിൽ ഒരു ഓൺലൈൻ ഇവന്റിലൂടെ ഫോൺ ലോഞ്ച് ചെയ്യാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

വിവോയുടെ സബ് ബ്രാന്റായ ഐക്യൂഒഒ സ്നാപ്പ്ഡ്രാഗൺ 865വുമായി 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തിക്കുന്ന ആദ്യത്തെ ബ്രാന്റ് ആയിരിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഐക്യൂഒഒയുടെ 5ജി സ്മാർട്ട്ഫോൺ ഫെബ്രുവരി 25നാണ് പുറത്തിറങ്ങുന്നത്. അതിനും ഒരു ദിവസം മുമ്പ് ലോഞ്ച് ഇവന്റ് വച്ച് ഇന്ത്യയിലെ ആദ്യത്ത് 5ജി സ്മാർട്ട്ഫോൺ എന്ന ഖ്യാതി റിയൽമി എക്സ്50 പ്രോ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.

സ്നാപ്പ്ഡ്രാഗൺ 865 പ്രോസസറോട് കൂടി തന്നെയാണ് എക്സ് 50 പ്രോയും പുറത്തിറങ്ങുന്നത്. സ്നാപ്പ്ഡ്രാഗൺ 865 എസ്ഒസി, 90 ഹെർട്സ് ഡിസ്പ്ലേ 65 വാൾട്ട് സൂപ്പർഡാർട്ട് ചാർജ് ടെക്നോളജി, ഡ്യൂവൽ പഞ്ച്ഹോൾ ഡിസ്പ്ലെ എന്നീ സവിശേഷതകളോടെയാണ് റിയൽമി എക്സ്50 പ്രോ വരുന്നത്. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പ്രീമിയം ഫോണുകളുടെ വിഭാഗത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ ഈ സ്മാർട്ട്ഫോണിന് സാധിക്കുമെന്നാണ് റിയൽമി കരുതുന്നത്.

ഇന്ത്യയിലെ ആദ്യത്തെ 5 ജി ഫോൺ ലോഞ്ച് ചെയ്യുന്ന ബ്രാൻഡായി റിയൽ‌മി മാറുമെങ്കിലും, എക്സ് 50 പ്രോ 5 ജിയെ പ്രയോജനപ്പെടുത്താൻ ഇനിയും കുറച്ച് കാലം കാത്തിരിക്കണം. ഇന്ത്യയിൽ 5 ജി നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ ഇല്ല എന്നത് റിയൽ‌മി, ഐക്യുഒ എന്നിവയുടെ ഫോണുകൾ ഇപ്പോൾ പുറത്തിറക്കുന്നത് അർത്ഥശൂന്യമാക്കുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇതുവരെ ടെലികോം കമ്പനികൾക്കിടയിൽ 5 ജി സ്പെക്ട്രത്തിനായി ലേല പ്രക്രിയ ആരംഭിച്ചിട്ടില്ല. അടുത്ത വർഷം വരെ 5 ജി വാണിജ്യപരമായി ലഭ്യമാകില്ലെന്നാണ് റിപ്പോർട്ടുകൾ.

റിയൽ‌മി എക്സ് 50 പ്രോ 5 ജി റിയൽമി കമ്പനിയുടെ 5ജി ടെക്നോളജി ഉള്ള ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ഫോൺ കൂടിയാണ്. കൊറോണ വൈറസ് ഭീതി കാരണം റദ്ദാക്കിയ എംഡബ്ല്യുസിയിൽ വച്ച് ഈ സ്മാർട്ട്ഫോൺ ആഗോളതലത്തിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു കമ്പനി. എംഡ്യൂസി നടക്കില്ലെന്ന് ഉറപ്പായതോടെയാണ് ഫെബ്രുവരി 24 ന് മാഡ്രിഡിൽ നടക്കാനിരിക്കുന്ന ഒരു ഓൺലൈൻ ഇവന്റിലേക്ക് ലോഞ്ച് മാറ്റാൻ റിയൽ‌മി തീരുമാനിച്ചത്.

അടുത്തിടെയുള്ള റിപ്പോർട്ടുകളിൽ ദില്ലിയിലും ഇതേ ദിവസം ലോഞ്ച് നടക്കുമെന്നാണ് പറയുന്നത്. എം‌എൽ‌ഡബ്ല്യുസിയിൽ വച്ച് എക്സ് 50 പ്രോ 5 ജിയ്‌ക്കൊപ്പം ആദ്യത്തെ സ്മാർട്ട് ടെലിവിഷൻ പുറത്തിറക്കുമെന്ന് റിയൽ‌മി പ്രഖ്യാപിച്ചിരുന്നു. എന്നാൽ എം‌ഡബ്ല്യുസി ഇവന്റ് റദ്ദാക്കിയതിന് ശേഷം, റിയൽ‌മി സ്മാർട്ട് ടിവി വിപണിയിലെത്തിക്കുന്നതിനെ കുറച്ചുള്ള കാര്യങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

റിയൽ‌മി ഇന്ത്യ വെബ്‌സൈറ്റിലെ ഇവന്റ് മൈക്രോസൈറ്റിലെ സൂചനകളിൽ നിന്ന് സ്മാർട്ട് ടിവിയും ഈ 24ന് പുറത്തിറക്കുമെന്നാണ് മനസിലാക്കുന്നത്. സ്നാപ്ഡ്രാഗൺ 865 പ്രോസസറുള്ള ബ്രാൻഡിന്റെ ആദ്യത്തെ 5 ജി മുൻനിര സ്മാർട്ട്‌ഫോണാണ് റിയൽമെ എക്സ് 50 പ്രോ 5 ജി. ഡ്യുവൽ പഞ്ച്-ഹോൾ സജ്ജീകരണത്തോടുകൂടിയ 90 ഹെർട്സ് ഡിസ്‌പ്ലേ, കമ്പനിയുടെ പുതിയ 65W സൂപ്പർഡാർട്ട് ചാർജ് സാങ്കേതികവിദ്യ എന്നിങ്ങനെയുള്ള സവിശേഷതകൾ നേരത്തെ റിയൽ‌മി എക്സ് 2 പ്രോയിൽ കൊണ്ടുവരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് റിയൽമി എക്സ് 50 പ്രോ പുറത്തിറങ്ങുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള റിയൽ‌മി യുഐയിൽ ആയിരിക്കും ഫോൺ പ്രവർത്തിക്കുന്നത്. പിന്നിൽ 64 മെഗാപിക്സൽ ക്യാമറ ഉൾക്കൊള്ളുന്ന ഒരു ക്വാഡ് ക്യാമറ സെറ്റപ്പും ഉണ്ടായിരിക്കും.

Comments are closed.