മഹീന്ദ്രയുടെ കോപാക്ട് എസ്യുവി മോഡലായ XUV300 ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി

അടുത്തിടെയാണ് മഹീന്ദ്രയുടെ കോപാക്ട് എസ്‌യുവി മോഡലായ XUV300 ക്രാഷ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ചത്. അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയാണ് വാഹനം കരുത്ത് കാട്ടിയത്.

ഇന്ത്യന്‍ വാഹനങ്ങളില്‍ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷ സ്വന്തമാക്കുന്ന മൂന്നാമത്തെ വാഹനമാണ് മഹീന്ദ്ര XUV300. ടാറ്റയുടെ നെക്സോണ്‍, അള്‍ട്രോസ് മോഡലുകള്‍ മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നു. അല്‍ട്രോസ് 29 പോയിന്റും നെക്സോണ്‍ 25 പോയിന്റും നേടിയാണ് ഈ നേട്ടം കൈവരിച്ചത്. 37.44 പോയന്റാണ് XUV300 -യ്ക്ക് ലഭിച്ചത്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന് മറ്റൊരു അംഗീകാരം കൂടി ലഭിക്കുന്നത്. ഗ്ലോബല്‍ NCAP (ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം) നല്‍കുന്ന സേഫര്‍ ചോയിസ് അവാര്‍ഡ് മഹീന്ദ്രയുടെ ഈ കോപാക്ട് എസ്‌യുവി മോഡലിന് തന്നെ ലഭിച്ചു.

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളില്‍ മഹീന്ദ്രയ്ക്കാണ് ഈ അവാര്‍ഡ് ആദ്യമായി ലഭിക്കുന്നതും. ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് ഈ പ്രഖ്യാനം നടന്നതും. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, കാല്‍നടയാത്രക്കാര്‍ക്ക് ഉറപ്പാക്കുന്ന സുരക്ഷ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്.

പോയ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഈ ശ്രേണിയിലേക്ക് XUV300 -യെ മഹീന്ദ്ര അവതരിപ്പിച്ചത്. വിപണിയില്‍ മികച്ച വിജയമാണ് വാഹനം കൈവരിച്ചതും. അടുത്തിടെ വാഹനത്തിന്റെ ബിഎസ് VI പതിപ്പിനെയും കമ്പനി വിപണയില്‍ അവതരിപ്പിച്ചിരുന്നു.

8.30 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ വിപണിയിലെ വില. ബിഎസ് IV പതിപ്പിനെക്കാള്‍ 20,000 രൂപയുടെ വര്‍ധനവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍ എന്നിവരാണ് വിപണിയിലെ വാഹനത്തിന്റെ എതിരാളികള്‍.

1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 110 bhp കരുത്തും 200 Nm torque ഉം പുറപ്പെടുവിക്കുന്നു. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ നിലവില്‍ 115 bhp കരുത്തും 300 Nm torque ഉം നല്‍കുന്നു. ഇരു എഞ്ചിനുകളും ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് AMT ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. എബിഎസ്-ഇബിഡി ബ്രേക്കിങ്ങ്, ഡ്യുവല്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, കോര്‍ണറിംങ് ബ്രേക്ക് കണ്‍ട്രോള്‍, ഓള്‍ ഡിസ്‌ക്‌ബ്രേക്ക്, പാസഞ്ചര്‍ എയര്‍ബാഗ് ഡിആക്ടിവേഷന്‍ എന്നീ സുരക്ഷ സംവിധാനങ്ങള്‍ അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്.

ഉയര്‍ന്ന വകഭേദത്തില്‍ ഏഴ് എയര്‍ബാഗും മുന്നില്‍ പാര്‍ക്കിങ് സെന്‍സറുകളും ത്രീ പോയന്റ് സീറ്റ് ബെല്‍റ്റുമുണ്ട്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സാങ്യോങ് ടിവോളിയുടെ പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്രയുടെ ഡിസൈന്‍ കമ്പനിയായ പിനിന്‍ഫരീനയാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തത്.

അധികം വൈകാതെ തന്നെ വാഹനത്തിന്റെ ഇലക്ട്രിക്ക് പതിപ്പും വിപണിയില്‍ എത്തും. അടുത്തിടെ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ XUV300 -യുടെ ഇലക്ട്രിക്ക് പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു. 2021 -ല്‍ മോഡലിനെ യാഥാര്‍ത്ഥ്യമാക്കാനാണ് കമ്പനിയുടെ നീക്കം.രണ്ടു വകഭേദങ്ങളായിരിക്കും പ്രൊഡക്ഷന്‍ പതിപ്പ് പുറത്തിറങ്ങുക.

Comments are closed.