കോയമ്പത്തൂര്‍ അപകടം : കണ്ടെനര്‍ ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

തിരുപ്പൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് കണ്ടെനര്‍ ലോറി ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. അറസ്റ്റിലായ ഡ്രൈവര്‍ ഹേമരാജിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തുടര്‍ന്ന് ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും.

അതേസമയം ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടെന്നും ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഡ്രൈവര്‍ ഹേമരാജ് മൊഴി നല്‍കി. തുടര്‍ന്ന് ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം വിശദ പരിശോധനയ്ക്കായി കേരള മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ അടക്കം ഉടന്‍ തിരുപ്പൂരിലെത്തുകയാണ്.

കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്പനിയുടെ ലോറി വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെനറുമായി പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ അമിത ലോഡ് കയറ്റിയിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഡിവൈഡറില്‍ ഇടിച്ച് കയറിയതിന്റെ ആഘാതത്തില്‍ കണ്ടെനര്‍ ഇരട്ടിപ്രഹരത്തില്‍ ബസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു. എന്നാല്‍ അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഹേമരാജിനെ ഈറോഡിലെ പെരുന്തുറയില്‍ നിന്ന് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Comments are closed.