ഫോക്സ് വാഗന്റെ ടി-റോക്ക് എസ്യുവി ഉടന്‍ വിപണിയില്‍

ഫോക്‌സ്‌വാഗന്റെ ഏറ്റവും പുതിയ വാഹനമായ ടി-റോക്ക് എസ്‌യുവി ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറെടുക്കുകയാണ്. അതിന്റെ ഭാഗമായി വാഹനത്തെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇതിനോടകം തന്നെ ടി-റോക്ക് എസ്‌യുവിക്കായുള്ള പ്രീ-ബുക്കിംഗ് സ്വീകരിക്കാൻ ഫോക്‌സ്‌വാഗൺ ഡീലർഷിപ്പുകൾ ആരംഭിച്ചിട്ടുണ്ട്. 2017 ൽ യൂറോപ്യൻ വിപണിയിലാണ് ആദ്യമായി ടി-റോക്കിനെ ജർമ്മൻ വാഹന നിർമ്മാതാക്കൾ അവതരിപ്പിക്കുന്നത്. ആഭ്യന്തര വിപണിയിൽ പ്രീമിയം ക്രോസ്ഓവർ വിഭാഗത്തിന്റെ മേൽകൈ മുതലെടുക്കാനാണ് മോഡലിലൂടെ ബ്രാൻഡ് ശ്രമിക്കുന്നത്.

MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ടി-റോക്ക് എസ്‌യുവി ഒരുങ്ങിയിരിക്കുന്നത്. എൽഇഡി ഹെഡ്‌ലൈറ്റുകളും ഷഡ്ഭുജാകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഉള്ള ഒരു ഗ്രില്ലാണ് വാഹനത്തിന്റെ പുറംമോടിയിലെ പ്രധാന ആകർഷണം. അതോടൊപ്പം എസ്‌യുവിയിൽ ഡ്യുവൽ ടോൺ റിയർ ബമ്പറും എൽ ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളും ശ്രദ്ധേയമാണ്.

അകത്തളത്ത് 3-സ്‌പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് ഹെഡ്-യൂണിറ്റ് എന്നിവയെല്ലാം ടി-റോക്കിൽ സ്ഥാനംപ്ടിക്കുന്നുണ്ട്. “വിയന്ന” ലെതർ സീറ്റുകൾ, പനോരമിക് സൺറൂഫ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ എന്നിവയാണ് മറ്റ് സവിശേഷതകൾ.

ആറ് എയർബാഗുകൾ, എബി‌എസ്, ഇ‌എസ്‌സി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സുരക്ഷാ സവിശേഷതകളും ഫോക്‌സ്‌വാഗൺ എസ്‌യുവിയിൽ വാഗ്‌‌ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ജോടിയാക്കിയ ഏഴ് സ്പീഡ് ഡിഎസ്ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായാകും ടി-റോക്ക് വിപണിയിൽ എത്തുക. 150 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന ടി-റോക്കിന് 8.4 സെക്കൻഡിനുള്ളിൽ 205 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

MQB പ്ലാറ്റ്ഫോം പ്രാദേശികവൽക്കരിക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലായതിനാൽ ഫോക്‌സ്‌വാഗണ്‍ ടി-റോക്കിനെ സികെഡി യൂണിറ്റായാകും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക. ഇന്ത്യൻ വാഹന വിപണിക്ക് എസ്‌യുവി വാഹനങ്ങളോടുള്ള താത്പര്യം മനസിലാക്കിയ ജർമ്മൻ കമ്പനി ഈ ശ്രേണിയിലേക്കാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അതിന്റെ ഭാഗമായി പുതിയ നാല് എസ്‌യുവി മോഡലുകളാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങുന്നത്. അതിൽ ആദ്യത്തേതാകും ടി-റോക്ക് എസ്‌യുവി. 4.23 മീറ്റർ നീളവും 2.59 മീറ്റർ വീൽബേസും ഉള്ള ടി-റോക്ക് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ മോഡലുകളുമായാണ് വിപണിയിൽ മാറ്റുരയ്ക്കുക.

Comments are closed.